കൊച്ചി: നഴ്സ് വിസ എന്ന വ്യാജേന സന്ദര്‍ശക വിസ നല്കി വഞ്ചിച്ച കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. കലൂരിലെ ടേക്ക് ഓഫ് റിക്രൂട്ടിങ് ഏജന്‍സി ഉടമ ഫിറോസ് ഖാന്, കൂട്ടു പ്രതി എറണാകുളം സ്വദേശി സത്താര്‍, ഒളിവില്‍ കഴിയാന്‍ സഹായം നല്കിയ കൊല്ലം സ്വദേശി എന്നിവരാണ് പിടിയിലായത്. ഏജന്‍സിയുടെ വലയില്‍പെട്ട് അഞ്ഞൂറോളം മലയാളി നഴ്സുമാര്‍ ദുബൈയില്‍ ദുരിതത്തിലാണെന്ന വാര്‍ത്ത മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ഫിറോസ് ഖാന് ഒളിവിൽ പോയി. തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോഴിക്കോട് രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സംഘം എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി ഡല്‍ഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. വിമാനയാത്രക്ക് കോവിഡ് ആര്.ടി പി.സി.ആര് പരിശോധനയടക്കം ഇയാള്‍ നടത്തിയിരുന്നു.
ദുബൈയിലെ മറ്റുപ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഫിറോസ് ഖാനെതിരെ നോര്‍ത്ത് പൊലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി സ്ഥാപനത്തിെന്റ പേര് മാറ്റി തട്ടിപ്പ് തുടരുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഞായറാഴ്ച കോടതിയില്‍ ഹാജരാക്കാനാണ് നീക്കം. വിശ്വാസ്യതക്ക് യു.എ.ഇ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരെന്ന വ്യാജേന ഏതാനും സ്ത്രീകള്‍ ഫോണിലും വിളിച്ചു.
യു.എ.ഇയിലെത്തിയ ഇവരോട് ഹോം കെയറിലോ മസാജ് സെന്ററിലോ ജോലി നല്‍കാമെന്നാണ് പിന്നീട് ഏജന്‍സി അറിയിച്ചത്. മതിയായ ഭക്ഷണവും താമസസൗകര്യവും നല്‍കിയതുമില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഏജന്‍സിയുെട കൈയില്‍ അകപ്പെട്ടു. പണം തിരികെ ചോദിച്ചപ്പോള്‍ 3000 ദിര്‍ഹം (60,000രൂപ) നല്കാമെന്നായി. മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയും തുടങ്ങി. എം.എല്‍.എമാര്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു.
നഴ്സ് വിസ എന്ന വ്യാജേന സന്ദര്‍ശക വിസ നല്കി വഞ്ചിച്ചെന്ന് കൊല്ലം പത്തനാപുരം പട്ടാഴി റീന രാജന് എന്ന യുവതി പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ നിരവധി നഴ്സുമാരില്‍നിന്ന് 2.5 ലക്ഷം മുതല്‍ മൂന്നുലക്ഷം വരെ വാങ്ങിയാണ് ദുബൈയിലെത്തിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയായിരുന്നു വാഗ്ദാനം ചെയ്ത ശമ്പളം.
Post Your Comments