ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ‘പതഞ്ജലി’യുടെ പാലുല്‍പ്പന്ന വിഭാഗം മേധാവി കോവിഡ് ബാധിച്ച് മരിച്ചു. സുനില്‍ ബന്‍സാല്‍ (57) ആണ് മരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരിച്ചതെന്ന് ‘ദ പ്രിന്‍റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈമാസം 19നായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം.
2018ലാണ് ഡയറി സയന്‍സ് വിദഗ്ധനായ സുനില്‍ ബന്‍സാല്‍ ‘പതഞ്ജലി’യുടെ ഭാഗമാകുന്നത്. അസുഖത്തെത്തുടര്‍ന്ന് അവസാന ദിവസങ്ങളില്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
അലോപ്പതി ചികിത്സക്കെതിരെ ബാബാ രാംദേവ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത് വിവാദമായ സാഹചര്യത്തിലാണ് കോവിഡിനെ തുടര്‍ന്ന് പതഞ്ജലിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ചതായ വിവരം പുറത്തു വരുന്നത്.
അലോപ്പതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചുവീണത് അലോപ്പതി മരുന്ന് കഴിച്ചിട്ടാണെന്നുമായിരുന്നു രാംദേവ് ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ രംഗത്തെത്തിയിരുന്നു.
Post Your Comments