തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ ന്യൂനപക്ഷ ക്ഷേമമല്ല ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നതെന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കുഞ്ഞാലിക്കുട്ടിക്ക് ഇടതുപക്ഷത്തോട് അലർജിയാണെന്നും ജയരാജൻ വിമർശിച്ചു. ആദ്യം നല്ല മനുഷ്യനാകാൻ നോക്ക്, എന്നിട്ട് മതി ന്യൂനപക്ഷത്തിന് വേണ്ടി വാദിക്കാനെന്നും ജയരാജൻ പറഞ്ഞു.
‘വർഗ്ഗീയ കളിയിലൂടെ ഫാസിസ്റ്റുകൾക്ക് നേട്ടം കൊയ്യാൻ അവസരം സൃഷ്ടിക്കുന്നയാളാണ് കുഞ്ഞാലിക്കുട്ടി എന്ന് നേരത്തെ വ്യക്തമായതാണ്. വിവാഹമോചനം നടത്തുന്ന മുസ്ലീങ്ങളെ മാത്രം ജയിലിലടക്കാൻ നിയമവ്യവസ്ഥ കൊണ്ടുവരുമ്പോൾ പാർലമെന്റിൽ ഹാജരാകുക പോലും ചെയ്യാതെ വിവാഹത്തിൽ പങ്കുകൊള്ളാൻ പോയത് ന്യൂനപക്ഷങ്ങൾ മറന്നിട്ടില്ല. ന്യൂനപക്ഷമെന്നാൽ മുസ്ലീങ്ങൾ മാത്രമല്ല. അതുപോലെ മുസ്ലീങ്ങൾ എല്ലാം ലീഗുമല്ലെന്നും’ എം വി ജയരാജൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ന്യൂനപക്ഷ ക്ഷേമമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അല്ലാതെ ലീഗിനെ പോലെ കയ്യിട്ട് വാരലല്ല. പ്രവാസി വകുപ്പും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുണ്ട്. ആ വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും നോർക്കയുടേയും പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അത് ലീഗുകാരടക്കം സമ്മതിക്കുന്നതാണ്. അതുപോലെ ന്യൂനപക്ഷ ക്ഷേമ വകുപ്പും മാറുമെന്ന ഭയമാണ് ലീഗുകാർക്ക്. അതുകൊണ്ടാണ് വിറളി പിടിച്ച രാഷ്ട്രീയക്കാരനായി കുഞ്ഞാലിക്കുട്ടി മാറിയത്. കുഞ്ഞാലിക്കുട്ടി ആദ്യം നല്ല മനുഷ്യനാകാൻ നോക്ക്. എന്നിട്ട് മതി ന്യൂനപക്ഷത്തിനു വേണ്ടി വാദിക്കാൻ. മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന ആളായതുകൊണ്ടാണ് മുഖ്യമന്ത്രിയും ഈ സർക്കാരും പൗരത്വഭേദഗതി നിയമത്തെ എതിർത്തതും കേന്ദ്രം വിവേചനത്തോടെ തയ്യാറാക്കിയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതും.
വർഗ്ഗീയ കളിയിലൂടെ ഫാസിസ്റ്റുകൾക്ക് നേട്ടം കൊയ്യാൻ അവസരം സൃഷ്ടിക്കുന്നയാളാണ് കുഞ്ഞാലിക്കുട്ടി എന്ന് നേരത്തെ വ്യക്തമായതാണ്. വിവാഹമോചനം നടത്തുന്ന മുസ്ലീങ്ങളെ മാത്രം ജയിലിലടക്കാൻ നിയമവ്യവസ്ഥ കൊണ്ടുവരുമ്പോൾ പാർലമെന്റിൽ ഹാജരാകുക പോലും ചെയ്യാതെ വിവാഹത്തിൽ പങ്കുകൊള്ളാൻ പോയത് ന്യൂനപക്ഷങ്ങൾ മറന്നിട്ടില്ല.ന്യൂനപക്ഷമെന്നാൽ മുസ്ലീങ്ങൾ മാത്രമല്ല.അതുപോലെ മുസ്ലീങ്ങൾ എല്ലാം ലീഗുമല്ല. ന്യൂനപക്ഷങ്ങൾ മതനിരപേക്ഷ പക്ഷത്താണ് എന്ന് തെളിയിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഭംഗിയായി കൈകാര്യം ചെയ്യുന്ന കഴിഞ്ഞ മന്ത്രിസഭയിലെ കെ.ടി ജലീലിന്റെ രക്തം ഊറ്റാൻ നോക്കിയവരാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് എതിരായും തിരിയുന്നത്.അതിൽ യാതൊരു അത്ഭുതവും ഇല്ല. അവർക്ക് വേണ്ടത് ന്യൂനപക്ഷ ക്ഷേമമല്ല. ഇടതുപക്ഷ രക്തമാണ്. സമസ്താ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞതുപോലെ ന്യൂനപക്ഷ വകുപ്പ് ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിയുക തന്നെ ചെയ്യും. വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ’.
Post Your Comments