തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോളും മരണനിരക്ക് ആശങ്കയാകുന്നു. പുതുതായി 28,514 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. 2,89,283 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 176 പേര്‍ മരിച്ചു. 45,400 പേര്‍ രോഗമുക്തി നേടി.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ഛസ്ഥായി പിന്നിട്ടെന്നാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ഉച്ഛസ്ഥായി പിന്നിട്ടതോടെ മറ്റ് രോഗാവസ്ഥകളും മരണങ്ങളും വര്‍ധിക്കുകയാണ്. അതിനാല്‍ ആശുപത്രികള്‍ക്ക് ഇത് നിര്‍ണായകമായ സമയമാണ്. ഈ ഘട്ടത്തെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രാഥമികമായ കര്‍ത്തവ്യം ജീവന്‍ സംരക്ഷിക്കുക എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഈ തരംഗം പുതിയ ചില പാഠങ്ങള്‍ പഠിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണികള്‍ ഉയര്‍ത്താം, ആരോഗ്യ സംവിധാനങ്ങള്‍ എങ്ങനെ തയ്യാറെടുക്കണം, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ വിന്യസിക്കണം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ പുതിയ കോവിഡ് തരംഗത്തിന്റെ അനുഭവങ്ങള്‍ നല്‍കി. മൂന്നാമത്തെ തരംഗത്തിന് സാധ്യത നിലവനില്‍ക്കെ ഈ അനുഭവങ്ങളെ വിലയിരുത്തി കൂടുതല്‍ മികച്ച പ്രതിരോധത്തിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments