ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭീതിയുയര്‍ത്തുന്ന ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതല്‍ വ്യാപിച്ചത് പുരുഷന്മാരിലെന്ന് പഠനം. രോഗം ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാരാണെന്നാണ് കണ്ടെത്തല്‍.
രാജ്യത്തെ നാലു ഡോക്ടര്‍മാര്‍ രോഗം ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. ‘മുകോര്‍മൈകോസിസ് -കോവിഡ് 19’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ രോഗം ബാധിച്ച 101 പേരില്‍ 79 പേരും പുരുഷന്മാരായിരുന്നു. ഇതില്‍ പ്രമേഹ രോഗികള്‍ക്കാണ് രോഗസാധ്യതയെന്നും പറയുന്നു.
രോഗം സ്ഥിരീകരിച്ച 83 പേര്‍ക്കും പ്രമേഹമുണ്ടായിരുന്നു.സ്റ്റിറോയിഡ് ഉപയോഗിച്ചിരുന്നവരാണ് ഇവര്‍. കൂടാതെ മൂക്കിലും സൈനസിലുമായിരുന്നു ഫംഗസ് ബാധ. രോഗം ബാധിച്ച ഇന്ത്യ, അമേരിക്ക, ഇറാന് എന്നിവിടങ്ങളിലുള്ളവരെയാണ് പഠന വിധേയമാക്കിയത്. ഫംഗസ് ബാധിച്ച 101 പേരില്‍ 31 പേര് മരിച്ചു. 60 പേര്‍ക്ക് മാത്രമായിരുന്നു പ്രത്യക്ഷത്തില്‍ രോഗലക്ഷണം. ഇതില്‍ 41 പേര് രോഗമുക്തി നേടിയതായും പറയുന്നു.
കൊല്‍ക്കത്തയിലെ ജി.ഡി ആശുപത്രിയിലെ ഡോക്ടര്‍മാരായ അവദേശ് കുമാര്‍ സിങ്, റിതു സിങ് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍ ശശാങ്ക് ജോഷി, ഡല്‍ഹിയിലെ ഡോ. അനൂപ് മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. രോഗം ബാധിച്ച ഇന്ത്യയിലെ 82 പേരെയും യു.എസിലെ ഒൻപതുപേരെയും ഇറാനിലെ മൂന്നുപേരെയുമാണ് പഠനവിധേയമാക്കിയത്.
Post Your Comments