Latest NewsUSAInternational

ഉന്നത സെക്യൂരിറ്റി, രഹസ്യാന്വേഷണ , നയതന്ത്ര ഉദ്യോഗസ്ഥരിൽ മാത്രം പിടിപെട്ട അജ്ഞാത രോഗം; അന്വേഷണവുമായി യു.എസ്

രാസായുധ പ്രയോഗം, പകര്‍ച്ചവ്യാധി തുടങ്ങിയ കാരണങ്ങളും സംശയനിഴലിലുണ്ടായിരുന്നു

ന്യൂയോർക്ക് : 2020 നവംബറില്‍, യു.എസിലെ വൈറ്റ് ഹൗസ് വളപ്പിലെ ഒരു സ്റ്റാഫ് ഗേറ്റിലൂടെ കടന്നുപോകാന്‍ ശ്രമിച്ച നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇദ്ദേഹത്തിന് തലവേദനയും ഉറക്കമില്ലായ്മയും ഒരാഴ്ചയോളമാണ് നീണ്ടു നിന്നത്. ഏതാനും ആഴ്ചകള്‍ക്ക് ശേഷം, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥനും വൈറ്റ് ഹൗസിലെ ഇതേ ഗേറ്റിന് സമീപത്ത് വച്ച്‌ കടുത്ത ദേഹാസ്വാസ്ഥ്യം നേരിടുകയുണ്ടായി. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

ഈ രണ്ട് സംഭവത്തിലും ഫെഡറല്‍ ഏജന്‍സികള്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചത് സാധാരണ ലക്ഷണങ്ങളല്ലായിരുന്നു. ‘ ഹവാന സിന്‍ഡ്രോം ” എന്ന പേരിലറിയപ്പെടുന്ന ഇതുവരെ ഉറവിടമോ കാരണമോ കണ്ടെത്താനാകാത്ത അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന ഹവാന സിന്‍ഡ്രോം രോഗലക്ഷണങ്ങള്‍ എന്താണെന്നും അതിന്റെ കാരണം കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമായതോടെയാണ് അന്വേഷണം ശക്തമാക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

ഇതുവരെ യു.എസിന്റെ 130ലേറെ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചാരന്‍മാരെയും സൈനികരെയുമാണ് ഹവാന സിന്‍ഡ്രോം ബാധിച്ചത്. ക്യൂബയ്ക്ക് പുറമേ ചൈന, യൂറോപ്പ് എന്നിവിടങ്ങളിലും യു.എസിലും ഹവാന സിന്‍ഡ്രോം കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് ഈ അജ്ഞാത രോഗത്തിന്റെ ഫലമായി ഏതാനും യു.എസ് ഉദ്യോഗസ്ഥര്‍ക്ക് കേള്‍വിയ്ക്കും മസ്തിഷ്കത്തിനും തകരാറുകള്‍ കണ്ടെത്തിയിരുന്നു. അതേസമയം 2016 – 2017 കാലയളവില്‍ ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്കിടെയില്‍ ഒരു അജ്ഞാത രോഗം കണ്ടെത്തുകയുണ്ടായി.

ക്യൂബയിലെ എംബസിയില്‍ ജോലി ചെയ്തിരുന്ന 40 ഉദ്യോഗസ്ഥരില്‍ നടത്തിയ പരിശോധനയില്‍ മസ്തിഷ്ക ഘടന ദുരൂഹമായ വിധത്തില്‍ മാറിമറിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പ്രശ്നം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സമയം 21 പേരില്‍ നടത്തിയ എം.ആര്‍.ഐ സ്കാനിങ്ങില്‍ മസ്തിഷ്കത്തിനു കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2019ലാണ് ഉദ്യോഗസ്ഥരുടെ മസ്തിഷ്കത്തിന്റെ ‘പാറ്റേണില്‍’ മാറ്റമുണ്ടായതായി കണ്ടെത്തിയത്.

അതേ സമയം, രോഗ ലക്ഷണങ്ങള്‍ക്ക് കാരണമായ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എവിടെ നിന്നെത്തി എന്നത് വ്യക്തമല്ല. ഇതിനെ ഹവാന സിന്‍ഡ്രോം എന്ന പേരിലാണ് യു.എസ് അധികൃതര്‍ വിശേഷിപ്പിച്ചത്. ഇതെന്താണെന്നോ ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നോ കണ്ടെത്താനായിരുന്നില്ല. കേള്‍വി തകരാര്‍, തലകറക്കം, ശരീരത്തിലെ തുലനാവസ്ഥ നഷ്‌ടമാവുക തുടങ്ങിയ നാഡീ സംബന്ധമായ ലക്ഷണങ്ങളാണ് ഹവാന സിന്‍ഡ്രോം കണ്ടെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരില്‍ പ്രകടമായ ലക്ഷണങ്ങള്‍.

തീവ്രമായ ശബ്ദം, മസ്തിഷ്കത്തിലേക്ക് ശക്തമായ തരംഗങ്ങള്‍ എന്നിവയാലുള്ള ആക്രമണം ഹവാന സിന്‍ഡ്രോം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായെന്നാണ് കണ്ടെത്തല്‍. തലവേദന, ചെവിവേദന എന്നിവയ്ക്ക് ഇത് കാരണമായി. ചിലരില്‍ ഈ ലക്ഷണങ്ങള്‍ ഉടന്‍ പ്രകടമായി. ചിലര്‍ക്ക് നിരന്തരമായ ഉറക്കമില്ലായ്മയുടെയും തലവേദനയുടെയും രൂപത്തിലാണ് പ്രകടമായത്.ഹവാന സിന്‍ഡ്രോമിന്റെ കാരണങ്ങളായി നിരവധി സിദ്ധാന്തങ്ങള്‍ നിരത്തപ്പെടുന്നുണ്ട്.

രാസായുധ പ്രയോഗം, പകര്‍ച്ചവ്യാധി തുടങ്ങിയ കാരണങ്ങളും സംശയനിഴലിലുണ്ടായിരുന്നു. സോണിക് ആയുധങ്ങളില്‍ നിന്നുള്ള തരംഗങ്ങളാണോ ഇതിന് പിന്നിലെന്നും ആദ്യം സംശയം ഉയര്‍ന്നിരുന്നു. രാത്രികളില്‍ അനുഭവപ്പെട്ട അസാധാരണമായ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങളാണ് ഉദ്യോഗസ്ഥരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ കാരണമെന്നാണ് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസിന്റെ മറ്റൊരു നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button