കഴിഞ്ഞ മന്ത്രിസഭയില്‍ രണ്ടര വര്‍ഷക്കാലം മാത്രമാണ് കെ. കൃഷ്ണന്‍കുട്ടി ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നതെങ്കിലും കുറഞ്ഞ കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ടു കൂടിയാണ് ഇത്തവണ വളരെ പ്രധാനപ്പെട്ട വൈദ്യുതി വകുപ്പ് കൃഷ്ണന്‍കുട്ടിയെ ഏല്‍പ്പിക്കാനുള്ള കാരണവും. വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണന്‍കുട്ടി തന്റെ ആശയങ്ങള്‍ ന്യൂസ് 18 നുമായി പങ്കുവെച്ചു.
വിവാദ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം ചെറിയ പദ്ധതികളിലൂടെ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ശ്രമിയ്ക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ വൈദ്യുതി പുറത്ത് നിന്നും വാങ്ങുകയാണ്. ഇതിന് പരിഹാരം കാണണം.
ഇതിനായി സോളാര്‍, കാറ്റാടി പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കടലോരങ്ങളില്‍ ഉള്‍പ്പടെ സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിയ്ക്കും. പുതിയ ഡാം നിര്‍മ്മിക്കാതെ നിലവിലുള്ള ഡാമുകളില്‍ നിന്നും വൈദ്യുതോല്പാദനം സാധിക്കുമോയെന്ന് പരിശോധിയ്ക്കുമെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു. ആതിരപ്പിള്ളി പദ്ധതി നല്ലതാണെങ്കിലും വിവാദം ഉള്ളതിനാല്‍ ആലോചനകളില്ലാതെ ഒന്നും നടപ്പിലാക്കില്ലെന്ന് കൃഷ്ണന്‍കുട്ടി വ്യക്തമാക്കി
Post Your Comments