ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറര കോടിയിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 34 ലക്ഷം കടന്നിരിക്കുന്നു. കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയെട്ട് ലക്ഷമായി ഉയർന്നിരിക്കുന്നു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.63 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 33.53 ലക്ഷമായി ഉയർന്നിരിക്കുന്നു. കോവിഡ് കേസുകളുടെ 13.29 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച നാല് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 25,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ആറ് ലക്ഷം കടന്നിരിക്കുന്നു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി അമ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 4.39 ലക്ഷമായി ഉയർന്നു.
Post Your Comments