
ശ്രീനഗർ : പാകിസ്താനിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ വെടിവെച്ച് വീഴ്ത്തി. സാമ്പ ജില്ലയിലായിരുന്നു സംഭവം.പുലർച്ചെ അന്താരാഷ്ട്ര അതിർത്തിവഴിയായിരുന്നു ഇയാൾ കശ്മീരിലേക്ക് കടക്കാൻ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു.
ഇയാളുടെ പരിക്കുകൾ ഗൗരവമുള്ളതല്ലെന്ന് ബിഎസ്എഫ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും ബിഎസ്എഫ് വ്യക്തമാക്കി. വെടിയുതിർക്കാൻ ആരംഭിച്ചതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരിക്കേറ്റു.
നിലത്തു വീണ ഇയാളെ ബിഎസ്എഫ് സംഘം സാമ്പയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ നുഴഞ്ഞു കയറ്റ ശ്രമമാണ് സാമ്പയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഉണ്ടാകുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ജാഗ്രത ശക്തമാക്കി.
Post Your Comments