തിരുവനന്തപുരം : സിപിഎം ചരിത്രം ആവര്‍ത്തിക്കുകയാണ് എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കൊറോണ, നിപ എന്നുവേണ്ട സകല മഹാമാരിയെയും പിടിച്ചുകെട്ടുന്ന അദ്ഭുത വനിതയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞ കെ.കെ.ശൈലജയ്ക്ക് മന്ത്രിസഭയില്‍ ഇടമില്ല. ശൈലജയെ ഉയര്‍ത്തിക്കാട്ടി വോട്ടുതേടിയ പിണറായി ആദ്യം തന്നെ അവരെ വെട്ടിയൊതുക്കിയെന്നും വി മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : കമ്യൂണിസ്റ്റ് പാർട്ടിയിൽ വിപ്ലവം വരുന്നത് പിൻവാതിലിലൂടെ; പരിഹാസവുമായി ബി ഗോപാലകൃഷ്ണൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം –
സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം കെ.ആര്‍ ഗൗരിക്ക് ശേഷം ഇപ്പോള്‍ കെ.കെ ശൈലജ.
‘കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും’ എന്ന് വിളിച്ചവര്‍ പോലും ഇ.കെ.നായനാര്‍ നയിച്ചീടും എന്ന് മാറ്റിവിളിച്ചത് കേരളം മറന്നിട്ടില്ല… കോവിഡ്, നിപ എന്നുവേണ്ട സകല മഹാമാരിയെയും പിടിച്ചുകെട്ടുന്ന അദ്ഭുത വനിതയെന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞ ശൈലജയ്ക്ക് മന്ത്രിസഭയില്‍ ഇടമില്ല.
കെ.കെ.ശൈലജയെ ഉയര്‍ത്തിക്കാട്ടി വോട്ടുതേടിയ പിണറായി ആദ്യം തന്നെ അവരെ വെട്ടിയൊതുക്കി. സിപിഎമ്മിന്റെ സ്ത്രീവിരുദ്ധത ബുദ്ധിജീവികള്‍ എത്ര നിഷേധിച്ചാലും വസ്തുതയാണ്. കെ. ആര്‍ ഗൗരിയെന്ന വനിതാനേതാവിന്റെ ജനസ്വീകാര്യത മുതലാക്കിയാണ് ഒരിക്കല്‍ അധികാരം പിടിച്ചത്…..
മുഖ്യമന്ത്രിക്കസേരയുടെ കാര്യം വന്നപ്പോള്‍ ഗൗരിയമ്മ പടിക്ക് പുറത്തായി.
പാര്‍ട്ടി രൂപീകരിച്ച് നാല് ദശകം കാത്തിരിക്കേണ്ടി വന്നു ഒരു സ്ത്രീയ്ക്ക് പോളിറ്റ് ബ്യൂറോയില്‍ ഇടം ലഭിക്കാന്‍. അതും പ്രകാശ് കാരാട്ടിന്റെ ഭാര്യ ആയതുകൊണ്ടുമാത്രമാണ് ബൃന്ദ കാരാട്ടിനെ ഉള്‍പ്പെടുത്തിയത്. ആര്‍ ബിന്ദു മന്ത്രിസഭയില്‍ ഇടംപിടിച്ചതും പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയായതിനാലാണ്. ഇവരാണ് സംഘപരിവാറിനെ സ്ത്രീസമത്വം പഠിപ്പിക്കാനിറങ്ങുന്നത് എന്നതാണ് രസകരം.
ശ്രീമതി നിര്‍മലാ സീതാരാമനിലൂടെ രാജ്യത്തിന് ആദ്യവനിതാ പ്രതിരോധമന്ത്രിയെയും ധനമന്ത്രിയെയും നല്‍കിയത് ബിജെപിയാണ്. ഏറ്റവും കൂടുതല്‍ വനിതാ ജനപ്രതിനിധികളെ പാര്‍ലമെന്റില്‍ എത്തിച്ച പാര്‍ട്ടിയും ബിജെപിയാണെന്ന് അഭിമാനത്തോടെ പറയട്ടെ. ശ്രീമതി സുഷമ സ്വരാജിനെപ്പോലെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒരുപോലെ കരുത്തയായിരുന്ന വനിതയുമുണ്ട്. വനിതാമതില്‍ കെട്ടിയല്ല, കഴിവിന് തുല്യ അംഗീകാരം കൊടുത്താണ് സ്ത്രീസമത്വം നടപ്പാക്കേണ്ടത്. സ്ത്രീയുടെ ബിംബവല്‍ക്കരണം കേവലരാഷ്ട്രീയ നേട്ടത്തിനല്ലാതെ, സമൂഹത്തിലെ നല്ലപാതിയുടെ നന്മക്കുപകരിക്കില്ലെന്ന് പൊതുസമൂഹവും തിരിച്ചറിയണം.
Post Your Comments