ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിച്ച് ആശ്വാസം പകരുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഈ വര്‍ഷം ഏപ്രില്‍ 24 മുതല്‍ ഇതുവരെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലേക്ക് 675 ടാങ്കറുകളിലായി 11030 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യന്‍ റെയില്‍വെ വിതരണം ചെയ്തത്.
ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവസേന 800 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. പല സംസ്ഥാനങ്ങള്‍ കടന്നാണ് ഹാപാ, മുദ്ര എന്നീ പശ്ചിമ ഭാഗത്തുള്ള പ്ലാന്റുകളില്‍ നിന്നും റൂര്‍ക്കല, ദുര്‍ഗാപൂര്‍, ടാറ്റാനഗര്‍, ആംഗുള്‍ എന്നീ കിഴക്കന്‍ ഭാഗത്തുള്ള പ്ലാന്റുകളില്‍ നിന്നും ഇന്ത്യന്‍ റെയില്‍വെ ഓക്‌സിജന്‍ ശേഖരിച്ചത്. ഇവ ഉത്തരാഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഹരിയാന തെലങ്കാന, പഞ്ചാബ്, കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്.
ദീര്‍ഘ ദൂര യാത്രയില്‍ ശരാശരി 55 കിലോ മീറ്ററിലധികം വേഗതയില്‍ സഞ്ചരിച്ചാണ് ട്രെയിനുകള്‍ ഓക്‌സിജന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നത്. ഉയര്‍ന്ന മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറിലൂടെ യാത്ര ചെയുന്ന ഈ ട്രെയിനുകള്‍ക്ക് വിവിധ വിഭാഗങ്ങളിലെ ക്രൂ മാറ്റങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള സാങ്കേതിക സ്‌റ്റോപ്പേജുകള്‍ 1 മിനിറ്റായി കുറച്ചിരുന്നു. ഇതുവരെ 175 ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ യാത്ര പൂര്‍ത്തിയാക്കി വിവിധ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു.
Post Your Comments