രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിമാർ ആരൊക്കെയെന്നുള്ള പ്രഖ്യാപനം കഴിഞ്ഞപ്പോൾ രാഷ്ട്രീയ കേരളം മാത്രമല്ല സാധാരണ ജനങ്ങൾക്കും ഒരുപോലെ വേദനയുണ്ടാക്കിയ ഒരു പ്രഖ്യാപനമായിരുന്നു കെ കെ ശൈലജ ടീച്ചർ ഇത്തവണ മന്ത്രിസ്ഥാനത്ത് ഉണ്ടാകില്ല എന്നത്. സിപിഐ (എം) ന്റെ ശക്തയായ വനിതാ നേതാവിനെ പടിക്ക് പുറത്തു നിർത്തുന്നത് കോടിയേരി ബാലകൃഷ്ണന്റെ തീരുമാനമാണ്. ചരിത്ര വിജയം നേടി കേരളത്തിൽ ആദ്യമായി ഇടതുപക്ഷം തുടര്ഭരണത്തിനു എത്തുമ്പോൾ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നൽകി പുതിയ മന്ത്രിസഭാ ഒരുക്കുകയാണ് പിണറായിയും കൂട്ടരും. എന്നാൽ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60,963 വോട്ടുകള്‍ നേടിയതോടെ ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജ തുടരുമെന്ന ചിന്ത പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും ഉണ്ടായിരുന്നു.
എന്നാൽ, സംസ്ഥാന സമിതി യോഗത്തില്‍ കോടിയേരി ബലാകൃഷ്ണന്‍ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും കെ.കെ. ശൈലജയ്ക്കു മാത്രം ഇളവു വേണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതോടെ കെ കെ ശൈലജയുടെ സാധ്യത മങ്ങി. മുഖ്യന്റെ മരുമകൻ അടക്കമുള്ള പുതുമുഖ മന്ത്രി പട്ടിക കമ്മിറ്റിയില്‍ ഭൂരിപക്ഷവും പിന്തുണച്ചു. മുതിര്‍ന്ന നേതാവ് എം.വി. ജയരാജൻ ഉൾപ്പെടെ ഏഴ് പേര്‍ മാത്രമാണ് ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. വ്യക്തിപ്രഭാവത്തിനു മുന്‍തൂക്കം നല്‍കേണ്ടതില്ലെന്നു ചര്‍ച്ചയില്‍ അഭിപ്രായവും ഉയർന്നുവന്നു. മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പിബിയും സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിൽ നയതന്ത്ര ചാനൽവഴിയുള്ള സ്വർണ്ണക്കടത്തും സ്പീക്കറും ഉന്നതവിദ്യാഭ്യാസ മന്ത്രിയും വിവാദങ്ങളിൽ കുരുങ്ങുകയും ചെയ്തത് നമ്മൾ കണ്ടതാണ്. എന്നാൽ കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകശ്രദ്ധയിലേയ്ക്ക് ഉയർത്താൻ സാധിച്ച പ്രവർത്തനമികവിന്റെ അടയാളമാണ് കൊവിഡിനെ ചെറുത്ത് നിര്‍ത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന നടത്തിയ ചര്‍ച്ചയിൽ പങ്കെടുക്കാൻ ഇവര്‍ക്ക് പ്രത്യേകം ക്ഷണം ലഭിച്ചത്.
നിപ്പയുടെ വരവിനെ ഫലപ്രദമായി തടുക്കാനും മികച്ച ഭരണാധികാരിയെന്ന നിലയില്‍ പേരെടുക്കാനും കെ കെ ശൈലജയ്ക്ക് കഴിഞ്ഞിരുന്നു. അതിനു പിന്നാലെ കോവിഡിനെതിരെയുള്ള ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.
read also: കെ.കെ.ഷൈലജയെ ‘നൈസായി’ ഒഴിവാക്കിയതിനു പിന്നിലെ കാരണം എടുത്തു പറഞ്ഞ് പിണറായി വിജയന്‍
ടീച്ചറമ്മയെന്ന വിളിപ്പേരിലൂടെ കേരളത്തിലൊരു മന്ത്രി ജനകീയമായത് കെ കെ ശൈലജയുടെ പ്രവർത്തന മികവ് തന്നെയാണ് എടുത്തുകാട്ടുന്നത്. കൂടാതെ സ്നേഹ സാന്ത്വനങ്ങളിലൂടെയുള്ള പെരുമാറ്റത്തിലൂടെ, കോവിഡിന്റെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യമന്ത്രിയുടെ മുകളിലേക്ക് ആരോഗ്യമന്ത്രിയുടെ പ്രതിച്ഛായ വളര്‍ന്നു. അതിന്റെ തെളിവാണ് ഇത്തവണത്തെ റെക്കോർഡ് ഭൂരിപക്ഷം. എന്നാൽ ഇതെല്ലാം പുതുമുഖങ്ങൾക്ക് വേണ്ടി മാറ്റിവച്ചുകൊണ്ടു പാർട്ടി പുതിയ നയം സ്വീകരിക്കുമ്പോൾ കോവിഡ് വ്യാപനം പോലുള്ള മഹാമാരികളെ തടുക്കാൻ ആരോഗ്യമേഖല ആരുടെ കൈകളിൽ ഭദ്രമാകുമെന്നു കാത്തിരിക്കേണ്ടതുണ്ട്.
നേതൃത്വ മികവിൽ കയ്യൊതുക്കത്തോടെ പ്രവർത്തിച്ച കെ.കെ. ശൈലജയെ ഒഴിവാക്കിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി വേദികളിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. എല്ലാവരെയും മാറ്റിയിട്ട് ഒരാളെമാത്രം നിലനിർത്തിയാൽ മറ്റുള്ളവർ മോശക്കാരാണോ എന്ന് സംശയിക്കുമെന്നാണ് മുഖ്യന്റെ വിശദീകരണം. അത് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം ഉണ്ടാക്കിയാലോ എന്ന സംശയവും നേതൃത്വത്തിന് ഉണ്ടെന്നു ചിന്തിക്കാം. മുഖ്യന്റെ ഈ തീരുമാനം അപ്രതീക്ഷിതമാണെങ്കിലും പുതിയ നേതൃനിര കെട്ടിപ്പെടുക്കാന്‍ തീരുമാനം സഹായിക്കുമെന്നാണ് ഒരു വിഭാഗം അണികൾക്കിടയിലെ സംസാരം. എന്നാല്‍, കെ.ആര്‍. ഗൗരിയമ്മയുടെ സ്ഥിതിയാകുമോ ശൈലജയ്ക്കെന്ന ചോദ്യവും മറുഭാഗത്ത് ഉയരുന്നുണ്ട്. ഗൗരിയമ്മയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനോട് ഉപമിച്ചുകൊണ്ടു ‘ടീച്ചർ പുറത്ത്’ എന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
പവിത്രപല്ലവി
Post Your Comments