അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലേയ്ക്ക് അടുക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് തീരദേശങ്ങളില്‍ നിന്നും ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മുംബൈ തീരത്ത് നിന്ന് 160 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും. ഇന്ന് രാത്രി 8 മണിക്കും 11 മണിക്കും ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സൗരാഷ്ട്ര, കച്ച് തീരദേശങ്ങളില്‍ നിന്നും പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ചുഴലിക്കാറ്റ് കര തൊടുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര വേഗത വര്‍ധിച്ചതാണ് നേരത്തെ എത്താന്‍ കാരണം. കഴിഞ്ഞ ദിവസം അതിതീവ്ര ന്യൂനമര്‍ദ്ദം കാരണം കേരളത്തിലും കര്‍ണാടകയിലും ഗോവയിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ ആറ് പേര്‍ മരിക്കുകയും ചെയ്തിരുന്നു.
Post Your Comments