വാഷിംഗ്‌ടൺ: ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം അതിരൂക്ഷ മാകുന്ന സാഹചര്യത്തിൽ അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ എതിര്‍പ്പ് ശക്തമാവുന്നു. ഗാസയിലേക്കുള്ള ആക്രമണങ്ങളെ അപലപിക്കാതെ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസില്‍ നടക്കുന്ന ഈദുല്‍ ഫിത്തര്‍ വിരുന്നിനില്ലെന്ന് അമേരിക്കന്‍ മുസ്ലിം സംഘടനകള്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് വൈറ്റ് ഹൗസില്‍ ഈദുല്‍ ഫിത്തര്‍ വിരുന്ന് നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (സിഎഐആര്‍) ഉള്‍പ്പെടെയാണ് വിരുന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
‘ഗാസയില്‍ നിരപരാധികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രായേലിലെ വംശീയ സര്‍ക്കാര്‍ ബോംബാക്രമണം നടത്തുന്നതിനെ അമേരിക്ക സഹായിക്കുകയും പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ മനസാക്ഷിയോടെ ബൈഡന്‍ ഭരണകൂടത്തിന്റെ ഈദ് ആഘോഷിക്കാന്‍ പറ്റില്ല,’ സിഎഐആര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാൽ ജോ ബൈഡന് ഈ ആക്രമണം അവസാനിപ്പിക്കാനുള്ള ധാര്‍മ്മികവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്തമുണ്ടെന്നും സംഘടന പറയുന്നു. ബൈഡന്റെ നിലപാടില്‍ അമേരിക്കന്‍ മുസ്ലിം സമൂഹം വളരെയധികം അതൃപ്തരാണെന്നും പ്രസ്താവനയില്‍ പറയുന്നു. സമാനമായി മറ്റ് മുസ്ലിം സംഘടനകളും വിരുന്ന് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments