ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമായി യാത്രതിരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നടത്തും. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 2നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേയ്ക്ക് തിരിക്കുക.
ടീം അംഗങ്ങള്‍ എല്ലാവരും ഈ മാസം 19ന് മുംബൈയില്‍ എത്തും. അതിന് മുന്‍പ് മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും മുംബൈയിലെത്തിയ ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ബിസിസിഐ അറിയിച്ചു. ഇതിന് ശേഷമാകും ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക.
യാത്രയ്ക്കായി മുംബൈയില്‍ എത്തുന്നതുവരെ മറ്റാരുമായും സമ്പര്‍ക്കമില്ലാതെ കഴിയണമെന്നും ബിസിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. താരങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും ബിസിസിഐ അടുത്തിടെ അറിയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് രണ്ടാം ഡോസ് സ്വീകരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ബിസിസിഐ ഏര്‍പ്പെടുത്തും.
Post Your Comments