ന്യൂഡൽഹി : പുതിയ മാര്‍ഗരേഖ പുറത്തിറക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ബില്ലടച്ചില്ല എന്നതിന്റെ പേരില്‍ ആശുപത്രികള്‍ മൃതദേഹം പിടിച്ചുവയ്ക്കരുതെന്നും യഥാസമയം മാന്യമായ രീതിയില്‍ സംസ്‌ക്കാരം ഉറപ്പാക്കണമെന്നും തുടങ്ങി നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി.
മരിച്ചവരുടെ അന്തസും മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ നിയമം നിലവിലില്ലാത്ത സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണം. ബില്ലടച്ചില്ല എന്നതിന്റെ പേരില്‍ മൃതദേഹം പിടിച്ചുവയ്ക്കരുത്. പോസ്റ്റ്‌മോര്‍ട്ടം വൈകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടക്കം മൃതദേഹങ്ങള്‍ കൂട്ട സംസ്‌ക്കാരം നടത്തരുത്.
അജ്ഞാത മൃതദേഹങ്ങള്‍ മാന്യമായ രീതിയില്‍ സംസ്‌ക്കരിക്കാന്‍ ജില്ലാ ഭരണക്കൂടം നടപടിയെടുക്കണം. ആംബുലന്‍സ് ചാര്‍ജിന്റെ പേരില്‍ കൊള്ള അനുവദിക്കരുത്. കൊവിഡ് സാഹചര്യത്തില്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിക്കണം. വൈദ്യുതി ശ്മശാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മരിച്ചവരുടെ അന്തസിനെ ഹാനിക്കും വിധം ചിത്രങ്ങളോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുത്. മരിച്ചവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും മാര്‍ഗരേഖ നടപ്പാക്കി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments