കാസർകോട്: ആംബുലൻസ് വിളിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു. കാസർകോടാണ് സംഭവം. വെള്ളരിക്കുണ്ടിന് സമീപമുള്ള കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്. സാബുവിനെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേർ പേർന്ന് പിക്കപ്പ് വാനിൽ കയറ്റുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.
Read Also: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2 കോടി കടന്നു
സാബുവിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായിരുന്നു. പിന്നീട് സാബുവിനും കോവിഡ് പോസിറ്റീവായി. സാബുവിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതോടെ ബന്ധുക്കൾ 108 ആംബുലൻസിനെ ബന്ധപ്പെട്ടു. വെള്ളരിക്കുണ്ടിൽ ആംബുലൻസും ഉണ്ടായിരുന്നു.
എന്നാൽ, ഇത് കരിന്തളം പി.എച്ച്.സിക്ക് കീഴിൽ ആണെന്നും വെള്ളരിക്കുണ്ടിൽ നിന്നു ആംബുലൻസ് വിട്ട് തരാൻ ബുദ്ധിമുണ്ടെന്നും മുകളിൽ ബന്ധപ്പെട്ട ശേഷം മറുപടി പറയാമെന്നും അധികൃതർ പറഞ്ഞതായാണ് ബന്ധുക്കളുടെ ആരോപണം. ആംബുലൻസ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കിട്ടിയ പിക്കപ്പിൽ കയറ്റി സാബുവിനെ ആശുപത്രിയിലെത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സാബു മരണത്തിന് കീഴടങ്ങുകയായിരുന്നു.
Leave a Comment