കൊച്ചി: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായ സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമേ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്താന്‍ തീരുമാനം. ശനിയാഴ്ച രാവിലെ എട്ട് മണിയോടു കൂടി മൂന്നാമത്തെ ഷട്ടറും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മൂന്ന് ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്താനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, അതിതീവ്ര മഴ ഉണ്ടാവുകയാണെങ്കില്‍ ഷട്ടറുകള്‍ ആവശ്യാനുസരണം ഘട്ടം ഘട്ടമായി ഒരു മീറ്റര്‍ വരെ ഉയര്‍ത്തി നിയന്ത്രിതമായ അളവില്‍ ജലം പുഴയിലേയ്ക്ക് ഒഴുക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, മംഗലപുഴ, കാലടി, മൂവാറ്റുപുഴ, കാളിയാര്‍പുഴ, കോതമംഗലം എന്നീ പുഴകളില്‍ നിലവില്‍ താഴ്ന്ന ജലനിരപ്പാണെന്നും വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പിന് താഴെയാണ് നിലവിലെ ജലനിരപ്പെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
Post Your Comments