തൃശൂര്‍: ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരണമടഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വാടാനപ്പള്ളി സ്വദേശി നകുലനാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സ ലഭിക്കുന്നില്ലെന്ന് കാണിച്ച ഇയാള്‍ കഴിഞ്ഞ ദിവസം വാട്‌സ്‌ആപ്പില്‍ സന്ദേശം ഇട്ടിരുന്നു. ഇന്നലെയാണ് നകുലന്‍ മരണമടഞ്ഞത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം നകുലന്റെ സന്ദേശം വൈറലായി മാറിയതിന് ശേഷം ഇയാളെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വൃക്കരോഗികയായ നകുലന്‍ നേരത്തേ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥിരമായി ഡയാലിസിസ് ചെയ്തിരുന്ന നകുലന്‍ ഇതിന് എത്തിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കോവിഡ് പരിശോധന നടത്തിയതും പോസിറ്റീവായതും.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ ആശുപത്രി വരാന്തയിലാണ് കിടത്തിരുന്നത്. വിവാദമായതോടെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. അതേസമയം പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ആദ്യ ദിവസം തന്നെ പ്രശ്‌നം പരിഹരിച്ചെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വാദം. തൃശൂരില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് ശാരീരിക പ്രശ്‌നവുമായി എത്തുന്ന രോഗികള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണന കിട്ടുന്നില്ലെന്ന ആരോപണം തൃശൂര്‍ മെഡിക്കല്‍ കോളേജിനെതിരേ നേരത്തേയും ഉയര്‍ന്നിരുന്നു.
നടത്തറ സ്വദേശിയും സമാന രീതിയില്‍ നേരത്തേ മരിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം ചോദിക്കും. എന്നാല്‍ ഒറ്റ ദിവസമേ ഈ സ്ഥിതി ഉണ്ടായിരന്നുളളൂ എന്നും പരാതി ഉയര്‍ന്നതിന്റെ പിന്നാലെ തന്നെ വാര്‍ഡിലേക്ക് മാറ്റിയെന്നുമാണ് ആശുപത്രി പറയുന്നത്.
Post Your Comments