തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ വരുകയാണ്. അടച്ചു പൂട്ടൽ നടത്തിയെങ്കിലും പ്രതിദിന കോവിഡ് കണക്കിൽ വർദ്ധനവ് ഉണ്ടാകുകയാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഒരു ശാശ്വത പരിഹാരമല്ലെന്ന ഓര്‍പ്പെടുത്തലുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ലോക്ക്ഡൗണ്‍ നാം കാണിച്ച സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രമെന്നും വൈറസിനൊപ്പം ജീവിക്കാന്‍ ശീലിക്കുകയാണ് വേണ്ടതെന്നും ജേക്കബ് പുന്നൂസ് പറയുന്നു.
ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:
ലോക്ക് ഡൌണ്‍ ഒരു ശാശ്വത പരിഹാരമല്ല : അത്, ‘എന്തു നാം ചെയ്യരുത്’എന്ന് നാം അറിഞ്ഞതിനു ശേഷവും, നാം കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രം എന്ന് കരുതിയാല്‍ മതി. വൈറസ് ഇവിടെ എന്നും കാണും. അത് നമുക്ക് ഭീഷണിയായി നിലനില്‍ക്കുമ്ബോള്‍ അതിന്റെ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികള്‍ അഭ്യസിച്ചു ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. അല്ലെങ്കില്‍ ഒന്നുകില്‍ കോവിഡ് മൂലമോ അല്ലെങ്കില്‍ വീണ്ടുംവീണ്ടും ഏര്‍പെടുത്തേണ്ടിവരുന്ന ലോക്ക് ഡൗണുകള്‍ മൂലമോ നാം നശിച്ചുപോകും..
ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാന്‍ നാം പഠിച്ചു. അതുപോലെ വൈറസ്സുള്ള ഒരു ലോകത്തു ജീവിക്കാന്‍ നാം പഠിക്കണം. അല്ലെങ്കില്‍ ആറാറു മാസം കൂടുമ്ബോള്‍ രണ്ടു മാസം വീതം ലോക്ക് ഡൌണ്‍ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരും.
പേടിച്ചടച്ചുപൂട്ടലല്ല കോവിഡിന്നുള്ള ശാശ്വത പരിഹാരം. ആദ്യം അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഇന്ന് selflockdown ല്‍ മാത്രമേ നമുക്ക് രക്ഷയുള്ളൂ. അവനവന്റെ വായും മൂക്കും അടച്ചുപൂട്ടുക, ആറടി അകലം പാലിച്ചില്ലെങ്കില്‍ ആറടി മണ്ണിന്റെ അവകാശികളെന്നു കരുതി അകലം പാലിക്കുക, വീടുകളിലും അല്ലാതെയും അടച്ചിട്ട മുറികളില്‍ കൂട്ടം കൂടാതിരിക്കുക, ഭക്ഷണം ഒറ്റക്കിരുന്നു കഴിക്കുക, വിനോദത്തിനും സന്ദര്‍ശനത്തിനും ഒത്തുചേരലിനും വേണ്ടിയുള്ള യാത്രകള്‍ ഒഴിവാക്കുക, അവനവന്റെ ജോലി വൈറസ് വ്യാപന അപകട രഹിതമായി ചെയ്യുവാന്‍ പരിശീലിക്കുക.. ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.
ഇതൊക്കെ പഠിക്കാന്‍ നമുക്ക് വൈറസ് ഒരു കൊല്ലം സമയം തന്നു. എന്നാല്‍, ഇതൊന്നും പോലീസ് ഇടപെടല്‍ കൂടാതെ പഠിക്കാനും നടപ്പാക്കാനും, ഒരു സമൂഹം എന്ന നിലയില്‍, നാം മറന്നു. ആ മറവിയ്ക്കു കനത്ത വില.. ഒന്നുകില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമായി, അല്ലെങ്കില്‍ ലോക്ക് ഡൌണ്‍ സൃഷ്ടിക്കുന്ന അതി ഭീമ നഷ്ടമായി.. നാം നല്‍കേണ്ടി വരും..
ഒരബദ്ധം മാനുഷികം, സാധാരണം. ഒരനുഭവം കൊണ്ടു പഠിക്കുന്ന സമൂഹങ്ങള്‍ മിടുക്കര്‍. അതുകൊണ്ടു പഠിക്കാത്തവര്‍ അഹങ്കാരികള്‍ :
എന്നാല്‍, രണ്ട് അനുഭവങ്ങള്‍കൊണ്ടും പഠിക്കാത്തവര്‍..
അവര്‍ മിടുക്കരുടെ അടിമകളാകും.അതാണ് ചരിത്രം!
അതുകൊണ്ടു ലോക് ഡൌണ്‍ നീട്ടിയാലും ഇല്ലെങ്കിലും വൈറസ് ഭീഷണി നിലനില്‍ക്കുന്ന ലോകത്തു വൈറസ്സിനെതിരെ self lockdown രീതിയില്‍ ജീവിക്കാന്‍ തയ്യാറാകുക. അതിനു വാക്‌സിന്‍ നമ്മളെ സഹായിക്കുകയും ചെയ്താല്‍ ഉത്തമം.
ഓര്‍ക്കുക, ഇതു Last Bus. അവസാനത്തെ ചാന്‍സ്!
Post Your Comments