KeralaLatest NewsNewsInternational

‘ജീവകാരുണ്യ സംഘടനയായിട്ടായിരുന്നു ഹമാസിന്റെ തുടക്കം, പ്രധാന കേന്ദ്രം ഗാസ’; ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെ ഒരു ഭീകര സംഘടനായിട്ടാണ് അമേരിക്കയും കാനഡയും അടക്കമുള്ള രാജ്യങ്ങൾ കാണുന്നതെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു. 2014ൽ ആക്രമണങ്ങൾ നടന്നപ്പോൾ ഇന്ത്യ ഇരുപക്ഷത്തെയും അപലപിച്ചിരുന്നു. പാലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതും ഇന്ത്യയുടെ സ്ഥിരം നയമാണ്. ചില വിഷയങ്ങളിൽ ഇസ്രയേലിനെ എതിർത്തും അനുകൂലിച്ചും വിട്ടു നിന്നുമാണ് ഇന്ത്യ നിഷ്പക്ഷത അറിയിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന ശ്രീജിത്ത് പണിക്കർ ഹമാസിന്റെ പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.

Read Also: കോവിഡ്; സംസ്ഥാനത്തെ മരണസംഖ്യ ഉയരുന്നു, ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന നിരക്ക്

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഹമാസും ഇസ്രയേലും ഇന്ത്യയും.
ഹമാസ് ആരംഭിക്കുന്നത് ഒരു ജീവകാരുണ്യ സംഘടനയായാണ്. ആൾക്കാർക്ക് ആവശ്യമായ സേവനങ്ങൾ, കിറ്റുകൾ, ഭക്ഷണം എന്നിവയൊക്കെ നൽകുകയാണ് ലക്ഷ്യം. പക്ഷെ പിന്നീട് അവർ ചെയ്യാൻ തുടങ്ങിയ ചില കാര്യങ്ങളുണ്ട്. ഇസ്രയേൽ സൈന്യം പിന്മാറിയതോടെ ഗാസയാണ് ഹമാസിന്റെ പ്രധാന കേന്ദ്രം. എന്നാൽ അവർക്ക് വെസ്റ്റ്ബാങ്കിലും ഇസ്രയേലിലും താല്പര്യമുണ്ട്. മറ്റൊരു രാജ്യം പിടിച്ചെടുക്കുക എന്നത് സമാധാന സൂചകമല്ല. ചാവേർ ആക്രമണങ്ങൾ നടത്തുക, വിദ്യാലയങ്ങളിൽ നിന്നും ആശുപത്രികളിൽ നിന്നും മിസൈലുകൾ വർഷിക്കുക, ശത്രുരാജ്യത്തെ പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക, ജനവാസ കേന്ദ്രങ്ങളിലും വാഹനങ്ങളിലും സ്ഫോടനം നടത്തുക, തിരഞ്ഞെടുപ്പുകൾ മരവിപ്പിക്കുക എന്നിവയും സമാധാന സൂചകമല്ല. ഇസ്രയേലിലെ ഭൂമി നശിപ്പിക്കാനായി അഗ്നിബലൂണുകൾ അയയ്ക്കുന്നതിന്റെ പേരിൽ പരിസ്ഥിതി പ്രവർത്തകരിൽ നിന്നുവരെ അവർ വിമർശനം നേരിടുന്നുണ്ട്.

ഹമാസിനെ പൂർണ്ണമായും ഭീകര സംഘടനയായി കാണുന്നവരാണ് അമേരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവർ. അവരുടെ സൈനിക വിഭാഗത്തെ മാത്രം ഭീകര സംഘടനയായി കാണുന്ന രാജ്യങ്ങളുണ്ട്. അവർ ഒരു ഭീകരസംഘടനയേ അല്ലെന്ന് പറയുന്ന രാജ്യങ്ങളുണ്ട്. ഹമാസിനു സഹായം നൽകുന്ന രാജ്യങ്ങളും ഉണ്ട്. ഇസ്രയേൽ അതിശക്തമായ പ്രത്യാക്രമണവും നടത്താറുണ്ട്. കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത് ഇവയിലാണ്. അതിനൊരു കാരണമുണ്ട്. ഇസ്രയേൽ രൂപകല്പന ചെയ്ത അയൺ ഡോം പ്രതിരോധ സംവിധാനം. ഹമാസിന്റെ മിസൈലുകൾ, ഷെല്ലുകൾ എന്നിവയെ കിലോമീറ്ററുകൾക്ക് ഇപ്പുറത്ത് വായുവിൽ വെച്ചുതന്നെ നശിപ്പിച്ചു കളയുന്ന സംവിധാനം. ഫലമോ? മിസൈലുകളുടെയും മറ്റും അവശിഷ്ടങ്ങൾ മാത്രം ഭൗമോപരിതലത്തിൽ പതിക്കുകയും മരണങ്ങൾ കുറയുകയും ചെയ്യുന്നു. ഹമാസിന് ഈ സംവിധാനം ഇല്ലാത്തതിനാൽ അവിടെ പതിയ്ക്കുന്ന മിസൈലുകൾ കൂടുതൽ ആളപായം ഉണ്ടാക്കുന്നു.

Read Also: ഐ.എസ് ലോകത്തിന് നാശം വിതയ്ക്കുന്ന ഭീകരസംഘടന, തീവ്രവാദം മാത്രമല്ല ബലാത്സംഗവും അടിമത്വവും അവരുടെ മുഖമുദ്രയെന്ന് ഇന്ത്യ

ഹമാസിൽ നിന്നും വ്യത്യസ്തമായി ഇസ്രയേൽ ചെയ്യുന്ന ഒരു കാര്യമുണ്ട്. സാധാരണ പൗരന്മാരെ വധിക്കുക എന്നത് അവരുടെ ലക്ഷ്യമല്ല. അവർ മുഖ്യമായും ലക്ഷ്യം വെക്കുന്നത് ഹമാസ് കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണത്തറകൾ എന്നിവയാണ്. വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയുടെയും ജനവാസ കേന്ദ്രങ്ങളുടെയും സമീപത്തുനിന്നും മിസൈലുകൾ വിക്ഷേപിക്കുന്നതിനാൽ അവയെ തകർക്കുന്നതിനു മുൻപ് രണ്ടു തരം മുന്നറിയിപ്പ് ഗാസയിലെ സാധാരണക്കാർക്ക് ഇസ്രയേൽ നൽകാറുണ്ട്. ഒന്ന്, ആക്രമണ മേഖലയിൽ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടുള്ള ലഘുലേഖകൾ വ്യോമമാർഗം നിക്ഷേപിക്കുന്നു. രണ്ട്, ഇതേ ഉദ്ദേശത്തിൽ തീവ്രത കുറഞ്ഞ സ്ഫോടനങ്ങൾ വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ആൾക്കാർക്ക് സുരക്ഷിത സ്ഥലത്തേക്ക് മാറാനുള്ള സമയം നൽകിയ ശേഷം ശക്തമായ ആക്രമണം തുടങ്ങുന്നു. താരതമ്യേന സിവിലിയൻ മരണങ്ങൾ കുറയ്ക്കുമെങ്കിലും ഒരു യുദ്ധത്തിനും അത് പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ല. തന്നെയുമല്ല ആക്രമണ സാധ്യതയുള്ള മേഖലകളിൽ ഹമാസ് സാധാരണ മനുഷ്യരെ കവചങ്ങളായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. സമവായം സ്വീകാര്യമല്ലാത്ത സാഹചര്യത്തിൽ യുദ്ധം ഉണ്ടാകുന്നു എന്നത് അനുഭവമാണ്, ചരിത്രമാണ്. ചില യുദ്ധങ്ങൾ ഒഴിവാക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. എന്നാൽ സമാധാന ചർച്ചകൾക്ക് തയ്യാറെന്ന പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ ഇരുകൂട്ടർക്കും മേൽ ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാകണം.

Read Also: ജീവൻ നഷ്ടപ്പെട്ടത് ഭാരത പുത്രിക്ക്; ആദരാഞ്ജലികൾ അർപ്പിക്കാൻ കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നു; ബി ഗോപാലകൃഷ്ണൻ

ഗാസയിലെ ഹമാസും വെസ്റ്റ് ബാങ്കിലെ ഫറ്റായും ചേർക്കുന്ന യൂണിറ്റി സർക്കാർ ഇസ്രയേലുമായി ചർച്ച നടത്തി സമാധാനം പുനഃസ്ഥാപിക്കണം എന്നതാണ് ഇന്ത്യയുടെ 2014ൽ രൂപീകരിച്ച വിദേശനയം. പാലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്നതും ഇന്ത്യയുടെ സ്ഥിരം നയമാണ്. 2014ൽ മേഖലയിലെ ആക്രമണങ്ങളിൽ ഇന്ത്യ ഇരുപക്ഷത്തെയും അപലപിച്ചു. എന്നാൽ പാർലമെന്റിൽ ഇസ്രയേലിന് എതിരായ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിരുത്സാഹപ്പെടുത്തി. പിന്നീട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ഇസ്രയേൽ ഇന്ത്യയോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. രണ്ടുവർഷം മുൻപ് പാലസ്തീനിലെ ഷഹെദ് എന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിൽ സാന്നിധ്യം നൽകുന്നതിനെ എതിർത്ത് ഇസ്രയേലിനൊപ്പം ഇന്ത്യ നിലകൊണ്ടു. ചില വിഷയങ്ങളിൽ ഇസ്രയേലിനെ എതിർത്തും ചിലതിൽ അനുകൂലിച്ചും ചിലതിൽ വിട്ടുനിന്നുമാണ് ഇന്ത്യ നിഷ്പക്ഷത നിലനിർത്തുന്നത്.

https://www.facebook.com/panickar.sreejith/posts/4081568425196535

shortlink

Related Articles

Post Your Comments

Related Articles


Back to top button