തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം ആര്‍ഭാടങ്ങളില്ലാതെ. പരമാവധി ചെലവ് ചുരുക്കിയായിരിക്കും മന്ത്രി മന്ദിരങ്ങളടക്കം പുതുക്കുകയെന്നാണ് വിവരം. ഔദ്യോഗിക വാഹനങ്ങളും പുതിയത് വാങ്ങാന്‍ സാദ്ധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Read Also :സൗമ്യയ്ക്ക് അനുശോചനം പോലും രേഖപ്പെടുത്താൻ കഴിയാത്ത പിണറായി ആരെയാണ് പേടിക്കുന്നത്; ശോഭ സുരേന്ദ്രൻ
ഇതിനോടകം ആദ്യ മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏല്‍പ്പിച്ച് കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവന്‍ പേരും ഔദ്യോഗിക വാഹനം തിരികെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഇന്നോവ ക്രിസ്റ്റ വണ്ടികളാണ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാര്‍ക്ക് നല്‍കാനാണ് തീരുമാനം.
സത്യപ്രതിജ്ഞയ്ക്കുശേഷം ഈ വാഹനങ്ങളില്‍ ആയിരിക്കും പുതിയ മന്ത്രിമാര്‍ സെക്രട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുക. കെയര്‍ടേക്കര്‍ മന്ത്രിമാര്‍ ആരും ഇതുവരെ ഓഫീസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരില്‍ ചിലര്‍ അംഗങ്ങളായി തുടരുകയാണെങ്കില്‍ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍ക്ക് ഓഫീസും വസതിയും ഒഴിയാന്‍ 15 ദിവസത്തെ സാവകാശം ലഭിക്കും.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ ചുമതല ടൂറിസം വകുപ്പിനും ഓഫീസിന്റെ ചുമതല സെക്രട്ടേറിയേറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിനുമാണ്. പഴയ മന്ത്രിമാര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഇവ മരാമത്ത് വകുപ്പിനെ കൊണ്ട് അറ്റകുറ്റപ്പണി നടത്തിച്ചു വേണം പുതിയ മന്ത്രിമാര്‍ക്ക് കൈമാറേണ്ടത്. ഇക്കാര്യത്തില്‍ പുതിയ മന്ത്രിമാരുടെ താത്പ്പര്യം കൂടി പരിഗണിച്ചായിരിക്കും പരിഷ്‌കാരം വരുത്തുക.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വൈകുന്നേരം മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് 750 പേരാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടു മീറ്റര്‍ അകലത്തില്‍ ഇവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിശാലമായ പന്തലാണ് ഒരുങ്ങുന്നത്.
Post Your Comments