മനോരമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ്. ഗൗരിയമ്മയുടെ നിര്യാണത്തിന് പിന്നാലെ സി പി എമ്മിനെ പരസ്യമായി വിമർശിക്കുന്ന തരത്തിലുള്ള വാർത്തകൾ മനോരമ നൽകിയതിനെ തുടർന്നാണ് സ്വരാജ് രംഗത്ത് എത്തിയത്. മനോരമ നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ടെന്നും 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയെന്നും സ്വരാജ് ആഞ്ഞടിച്ചു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇതു കള്ളമാണ് .. ഗൗരിയമ്മയുടെ മരണവേളയിൽ സി പി ഐ (എം ) ൻ്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് ശ്രമിയ്ക്കുന്നത്. നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത് .
ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ … പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങൾ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത്? സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോൾ ഭാവനകൾ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്.
1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ൽ ഇല്ല. ഇതാണ് സത്യം . ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് .
Read Also: രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം അത്യാര്‍ഭാടങ്ങളില്ലാതെയെന്ന് സൂചന
Post Your Comments