ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരാന്‍ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിനും. ഈ മാസം അവസാനത്തോടെ വാക്‌സിന്‍ ആഭ്യന്തര വിപണിയില്‍ എത്തുമെന്നും ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ആശുപത്രികള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഡോ.റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്പുട്‌നികിന്റെ ആദ്യ ഡോസ് മെയ് ആദ്യവാരം രാജ്യത്തെത്തിയിരുന്നു. കോവിഡിനെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള സ്പുട്‌നികിന് ഏപ്രില്‍ 12നാണ് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.
നിലവില്‍ 15 ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിന്‍ റെഡ്ഡീസ് ലബോറട്ടറിയുടെ പക്കല്‍ ഉണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിനുകള്‍ക്ക് ശേഷം രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത് സ്പ്ടുനിക് വാക്‌സിനാണ്. വാക്‌സിനേഷനായി 1.8 കോടി ഡോസുകളാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. ബാക്കി വാക്‌സിന്‍ ഡോസുകള്‍ വരും മാസങ്ങളില്‍ രാജ്യത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments