റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ കത്ത് തയാറാക്കി സൗദിയിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നുവെന്ന വ്യാജേന കേരളത്തില്‍ തട്ടിപ്പുകാര്‍ രംഗത്ത്. സൗദിയിലേക്ക് കോവിഡ് വാക്സിനേഷന് ഡ്യൂട്ടിക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു എന്നാണ് വാഗ്ദാനം. ഇവരുടെ കെണിയില്‍പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി സൗദിയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. 40ഓളം നഴ്സുമാര്‍ ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഗൂഗ്ള്‍ പേ വഴിയാണ് ഇവര്‍ നഴ്സുമാരില്‍നിന്ന് പണം കൈപ്പറ്റിയതെന്നും അതിനാല്‍ തന്നെ പരാതിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നുമാണ് യു.എന്‍.എ ഭാരവാഹികള്‍ പറയുന്നത്. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ മെഡിക്കല്‍ പരിശോധനക്കെത്തണമെന്നും ശേഷം യാത്രക്കൊരുങ്ങാനും ഈ മാസം 12ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് റിയാദ് ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഇറക്കിയ കത്തില്‍ പറയുന്നത്. ഈ കത്തിന്‍െറ ആധികാരികതയെ സംബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസിയുമായി ‘ഗള്‍ഫ് മാധ്യമം’ ബന്ധപ്പെട്ടപ്പോള്‍ കത്ത് വ്യാജമാണെന്ന് എംബസി അറിയിച്ചു.
നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഏജന്റുമാര്‍ നഴ്സുമാരെ ചതിയില്‍ പെടുത്തിയിട്ടുള്ളത്. 36,000 രൂപ വീതമാണ് ഓരോരുത്തരില്‍നിന്നും ഇവര്‍ കൈപ്പറ്റിയത്. സമാനരീതിയില്‍ യു.എ.ഇയിലേക്കും വാക്സിനേഷന് ഡ്യൂട്ടിക്ക് ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് നഴ്സുമാരെ വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതായും ഇത്തരം വ്യാജ ഏജന്‍സികളെയും അവരുടെ ഇടനിലക്കാരെയും കണ്ടെത്തി നഷ്ടപ്പെട്ടവരുടെ പണം തിരികെ ലഭിക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ പേരിലെന്ന വ്യാജേന കാണുന്ന ഏതൊരു രേഖയുടെയും ആധികാരികത അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തിയാല്‍ ഇത്തരം തട്ടിപ്പുകളില്പെടുന്നതില്നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാന്‍ സാധിക്കും.
Post Your Comments