മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇംഗ്ലണ്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ. യാത്ര തിരിക്കും മുന്‍പ് ടീമംഗങ്ങള്‍ കോവിഡ് പരിശോധന നടത്തണം. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്നവര്‍ ടീമിന് പുറത്താകുമെന്ന് ബിസിസിഐ അറിയിച്ചു.
കോവിഡ് പോസിറ്റീവായവരെ നെഗറ്റീവായ ശേഷം പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകില്ലെന്നും പകരം അവരെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. അതിനാല്‍ യാത്രയ്ക്കായി മുംബൈയില്‍ എത്തുന്നതുവരെ മറ്റാരുമായും സമ്പര്‍ക്കമില്ലാതെ കഴിയണമെന്നും ബിസിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ടീം യാത്ര തിരിക്കും മുമ്പ് മുംബൈയില്‍ നിന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. ഈ പരിശോധനാ ഫലം അനുസരിച്ചാകും ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക. താരങ്ങളെ അനുഗമിക്കുന്ന കുടുംബാംഗങ്ങളോടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. താരങ്ങള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും ബിസിസിഐ അറിയിച്ചിരുന്നു. ജൂണ്‍ 2നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേയ്ക്ക് തിരിക്കുക.
Post Your Comments