കിളിമാനൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സാധാരണക്കാരെ കൊള്ളയടിച്ച് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍. കൊവിഡ് പ്രതിരോധത്തിനുള്ള വസ്തുക്കള്‍ക്കും മരുന്നുകള്‍ക്കുമാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ വില വര്‍ദ്ധിപ്പിച്ചത്.
Read Also : കോവിഡ് വ്യാപനം : ഇന്ത്യയെ സഹായിക്കാൻ വിദഗ്ധ സംഘത്തെ ഉടൻ അയയ്ക്കുമെന്ന് ഇസ്രായേൽ
ഒരാഴ്ച മുന്‍പ് വരെ 1300 മുതല്‍ 1400 വരെയായിരുന്നു പള്‍സ് ഓക്സിമീറ്ററുകളുടെ വില. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് 2000 മുതല്‍ മേലോട്ടായി. പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ 750 മുതല്‍ 800 രൂപ വരെയായിരുന്നു കഴിഞ്ഞ മാസത്തെ വില. എന്നാലിപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഓക്സിമീറ്ററുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.
ഡബിള്‍ മാസ്ക് വയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ആരോഗ്യവിഭാഗം പുറത്തിറക്കിയതോടെ സര്‍ജിക്കല്‍ മാസ്കുകളുടെ വില 125 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. സര്‍ജിക്കല്‍ മാസ്ക് നൂറെണ്ണം അടങ്ങുന്ന ഒരു പാക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ 700 മുതല്‍ 730 വരെയായി വില ഉയര്‍ന്നു. സാധനത്തിന്റെ ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
പാക്കറ്റ് പൊട്ടിച്ച് നല്‍കുന്ന സര്‍ജിക്കല്‍ മാസ്കുകള്‍ക്ക് 10 രൂപ വരെ വാങ്ങുന്നതായി പരാതിയുണ്ട്. ഡബിള്‍ മാസ്ക് നിര്‍ബന്ധമാക്കുകയും തുണി മാസ്കുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വരികയും ചെയ്തതോടെയാണ് മാസ്ക് വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ അമിത വില സംബന്ധിച്ച് ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ് സാധാരണക്കാര്‍ക്ക്.
Post Your Comments