കല്പറ്റ: കോവിഡ് രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ശരീരത്തിലെ ഓക്‌സിജൻ നില കുറയുകയെന്നത്. കോവിഡ് ബാധിതരുടെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നുവെന്ന് മനസ്സിലായാൽ ഓക്സിജന്റെ നില ഉയർത്താനും അതുവഴി ജീവൻ രക്ഷിക്കാനും പ്രോണിംഗ് പ്രക്രിയയിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കമിഴ്ന്നു കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗത്ത് തലയണവെച്ച് അല്പം ഉയർത്തി വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുകയാണ് പ്രോണിംഗിലൂടെ ഉദ്ദേശിക്കുന്നത്. പ്രോണിംഗ് ചെയ്യുമ്പോൾ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ കഴിയുമ്പോൾ ഓക്സിജന്റെ നില താഴ്ന്നതായി ശ്രദ്ധയിൽപ്പെട്ടാലോ ആംബുലൻസോ വൈദ്യസഹായമോ കാത്തുനിൽക്കുന്ന സമയത്തും ആശുപത്രിയിൽ എത്തുന്നതുവരെ വാഹനത്തിലും ഈ രീതി പിന്തുടരുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
പ്രോണിംഗ് ചെയ്യുമ്പോൾ കഴുത്തിനു താഴെ ഒരു തലയണയും നെഞ്ചു മുതൽ തുടയുടെ മേൽഭാഗം എത്തുന്ന രീതിയിൽ ഒന്നോ രണ്ടോ തലയണയും കാൽമുട്ടിന്റെ താഴേക്ക് ഒന്നോ രണ്ടോ തലയണയും വേണം.
Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക്; പരിശോധനകൾ കർശനമാക്കി പോലീസ്
പ്രോണിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;
* നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.
* ഇടവിട്ടുള്ള അവസരങ്ങളിൽ ഇതു ആവർത്തിക്കുക.
* ഒരു ദിവസം 16 മണിക്കൂറിൽ കൂടുതൽ പ്രോണിംഗ് ചെയ്യാൻ പാടില്ല.
* ഹൃദ്രോഗികൾ, ഗർഭിണികൾ, വെരിക്കോസ് വെയിൻ തുടങ്ങിയ ഡീപ്പ് വെയിൻ ത്രോംബോസിസ് (ഡി.വി.ടി.) രോഗികൾ പ്രോണിംഗ് ചെയ്യരുത്.
* ഭക്ഷണശേഷം ഒരു മണിക്കൂർ നേരത്തേക്ക് പ്രോണിംഗ് ചെയ്യരുത്.
Post Your Comments