COVID 19KeralaLatest NewsNews

കൊവിഡിനെതിരെ ‘ധൂപ സന്ധ്യയും ചൂര്‍ണ്ണവും, അസാധാരണ സാഹചര്യത്തെ നേരിടാന്‍ അസാധാരണ നടപടികള്‍ ആവശ്യം

വിമര്‍ശകരുടെ വായ അടപ്പിച്ച് ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍

 

കൊവിഡ് രോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ആചരിച്ച ആലപ്പുഴ നഗരത്തില്‍ നടത്തിയ ‘ധൂപ സന്ധ്യ ‘ വിമര്‍ശനത്തിന് മറുപടിയുമായി ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇന്ദു വിനോദ്.

ആലപ്പുഴ നഗരത്തില്‍ പോസിറ്റീവ് കേസുകള്‍ വല്ലാതെ കൂടുന്ന സാഹചര്യത്തില്‍ അസാധാരണമായ സാഹചര്യത്തെ നേരിടാന്‍ അസാധാരണമായ നടപടികള്‍ അനിവാര്യമായി എന്നാണ് ചെയര്‍പേഴ്സണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വിശദീകരിക്കുന്നത്.

Read Also : കോ​വി​ഡ് ബാ​ധിച്ച് മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ 52 വാര്‍ഡുകളിലെ 50000 ത്തോളം ഭവനങ്ങളില്‍ ഇന്നലെ ധൂപ സന്ധ്യ ആചരിച്ചു. വളരെ ജനകീയമായി നടന്ന ഈ പരിപാടിയോട് ശാസ്ത്രസാഹിത്യ പരിഷത്ത് എതിര്‍പ്പുമായി രംഗത്ത് വന്നതോടെ ധൂപത്തിന് മുന്‍പ് വിവാദം പുകഞ്ഞു. സമൂഹമാധ്യമ പോസ്റ്റിനു താഴെ ചിലര്‍ തങ്ങളുടെ ശാസ്ത്ര വിജ്ഞാനം പങ്ക് വച്ചു കൊണ്ട് കമന്റുകളിട്ടു. അഭിപ്രായ സ്വാതന്ത്ര്യം അവകാശമായതുകൊണ്ട് എതിര്‍പ്പില്ല. പക്ഷേ ചില അഭിപ്രായങ്ങളുടെ ആധികാരികത കണ്ട് ശാസ്ത്രജ്ഞരൊ വൈദ്യ ശാസ്ത്ര വിശാരദരോ ആവുമെന്നു കരുതി പ്രൊഫൈല്‍ നോക്കി.

അല്ല എന്ന് മനസ്സിലായെങ്കിലും ശാസ്ത്രജ്ഞാനം നേടാന്‍ ശ്രമിക്കുന്ന സാധാരണക്കാരാണെന്ന് മനസ്സിലായി. ധാരാളം പേര്‍ നഗരസഭയുടെ ഈ ഉദ്യമത്തെ നേരിട്ടും ഫോണിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയും ശ്ലാഖിച്ചു. ഇന്നലെ വൈകിട്ട് നഗരസഭയില്‍ ധൂപ സന്ധ്യ ആചരിക്കുന്ന സമയത്ത് മലയാളത്തിലെ മുന്‍നിര ചാനലുകളെല്ലാവരുമുണ്ട്. ഏവരും ബാലന്‍സ്ഡ് ആയ വാര്‍ത്തയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ നഗരസഭയുടെ നിലപാട് വിശദീകരിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.

ആലപ്പുഴ നഗരത്തില്‍ പോസിറ്റീവ് കേസുകള്‍ വല്ലാതെ കൂടുകയാണ്. അസാധാരണമായ സാഹചര്യത്തെ നേരിടാന്‍ അസാധാരണമായ നടപടികള്‍ അനിവാര്യമായി . എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന കൂട്ടായ ആലോചനകളിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആരംഭിച്ച ഇപ്പോഴും 100 ഓളം രോഗികള്‍ നിത്യേന സേവനം സ്വീകരിക്കുന്ന ടെലി മെഡിസിന്‍, മാര്‍ക്കറ്റുകിലെ മാസ് ടെസ്റ്റും പോസിറ്റീവാകുന്നവര്‍ക്ക് പലവ്യഞ്ജന കിറ്റും തുടങ്ങിയ ആശയങ്ങള്‍ വന്നത്. ഇത്തരത്തിലെ കൂട്ടായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വന്നതാണ് ധൂപ സന്ധ്യ എന്ന ആശയവും.

ഇത് സംബന്ധിച്ച് ആയുര്‍വേദ ഡി.എം.ഒ യുടെ രേഖാമൂലമുള്ള കുറിപ്പ് വാങ്ങി. വ്യവസ്ഥാപിതമായ എല്ലാ തട്ടുകളിലും ചര്‍ച്ച ചെയ്തു. സര്‍വ്വകക്ഷി യോഗം വിളിച്ചു. നഗരസഭ കൗണ്‍സില്‍ ഓണ്‍ലൈനായി കുടി.നഗരത്തിലെ എല്ലാ ആശ പ്രവര്‍ത്തകരേയും , എ ഡി എസ് ,റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളേയും പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചര്‍ച്ച ചെയ്തു. അരോഗ്യ രംഗത്തെ വിദഗ്ദരുമായും ചര്‍ച്ച നടത്തി. ധൂപ സന്ധ്യ എന്ന ആശയത്തെക്കുറിച്ച് ആരും തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയില്ല. മറിച്ച് പൂര്‍ണ്ണ പിന്തുണ ഏവരും നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ പ്രോഡക്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കൂടി അഭിപ്രായം വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇതൊക്കെ അബദ്ധമാണെന് വാദിച്ചാല്‍ സംവിധാനങ്ങളിലേറെ പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് തോന്നുന്നു.

ധൂപ സന്ധ്യയിലെ ധൂമമേറ്റ് സുരക്ഷിതരായി എന്ന് തെറ്റിദ്ധരിച്ച് ഏവരും പുറത്തിറങ്ങും എന്നാണ് ചില വിദഗ്ദ്ധ മതം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ വരെ അടച്ചകത്തിരിക്കുന്ന നമ്മുടെ സാക്ഷര കേരളത്തിലെ ജനങ്ങള്‍ ഇന്നലെ സന്ധ്യയ്ക്ക് പുകയേറ്റ് സുരക്ഷിതരായതാണ് എന്നു കരുതി പുറത്തിറങ്ങും എന്ന് ഞങ്ങളാരും കരുതുന്നില്ല. അങ്ങിനെ നമ്മുടെ ജനങ്ങളെ വില കുറച്ച് കാണാനുമാവില്ല.

52 വാര്‍ഡുകളിലെ 50000 ഭവനങ്ങളില്‍ ഇന്നലെ വൈകിട്ട് 6.30ന് ധൂപ സന്ധ്യ ആചരിച്ചത് ഒരു ബോധ വത്കരണ പരിപാടി കൂടിയായി എന്നാണ് ലഭിക്കുന്ന ഫീഡ് ബാക്ക്. അഡ്വ.എ.എം.ആരിഫ് എം.പിയും നിയുക്ത എം.എല്‍.എ ശ്രീ.പി.പി ചിത്തരഞ്ജനും ജില്ലാ കലക്ടറും എസ്.പിയും അടക്കമുളള പൗര പ്രമുഖരെല്ലാം പങ്കു ചേര്‍ന്നതായി അറിയിച്ചിട്ടുണ്ട്. ഇനി ‘വിവാദ’ നായകന്‍ അപാരിജിത ധൂപ ചൂര്‍ണ്ണത്തെപ്പറ്റി രണ്ട് വാക്ക് .പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ നടത്തിയ വിവരശേഖരണ പ്രക്രിയുടെ ഭാഗമായി ലഭിച്ച കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.

അന്തരീക്ഷത്തെ അണുവിമുക്തമാക്കുന്നതില്‍ അപരാജിത ധൂപ ചൂര്‍ണ്ണത്തിന്റെ പങ്ക് ആയുര്‍വേദ ശാസ്ത്രലോകം തെളിയിച്ചിട്ടുള്ളതാണ്. (പത്ര വാര്‍ത്തകള്‍ കമന്റായി കൊടുക്കുന്നു.) വായുവിലെ മൈക്രോബിയല്‍ സാന്നിധ്യം ധൂപ ചൂര്‍ണ്ണത്തിന്റെ പ്രയോഗം ഗണ്യമായി കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി കപ്പാസിറ്റിയുമിതിനുണ്ട് എന്ന് വിദഗ്ദര്‍ പറയുന്നു. അഷ്ടാംഗഹൃദയത്തില്‍ സൂചനയുള്ള ധൂപ ചൂര്‍ണ്ണത്തിന്റെ പ്രയോഗം 96% ത്തോളം ബാക്ടീരിയല്‍ ,ഫംഗല്‍, വൈറല്‍ സാന്നിദ്ധ്യം കുറയ്ക്കുമെന്നും ആയുഷ്, ഐ.എസ്.എം തൃശൂര്‍ ചാപ്റ്റര്‍ എന്നിവ സംയുക്തമായി നടത്തിയ പഠനങ്ങള്‍ പറയുന്നു.

എയ്‌റോസോള്‍ ട്രാന്‍സ്മിഷനിലൂടെ കോവിഡ് പടരാമെന്ന് ലോക പ്രശസ്ത എപ്പിഡമോളജി റിസര്‍ച്ച് സെന്ററായ യു.എസ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് കണ്‍ട്രോള്‍ നടത്തിയ പഠനങ്ങളിലൂടെ പറയുന്നുമുണ്ട്. സെകരമായ കാര്യം ഒരു ദിവസം ധൂപം പുകച്ചാല്‍ കൊറോണ വൈറസ് ഇല്ലാതാവും എന്ന് നഗരസഭ യാതൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. പിന്നെ കോവിഡ് വിരുദ്ധ റിസര്‍ച്ചുകള്‍ പുരോഗമിക്കുന്നതേയുള്ളു. ഇതാണ് അറിവിന്നടിവര എന്ന് പറയാറായിട്ടില്ല. നിരന്തരം അപ്‌ഡേഷനുകള്‍ നടന്നു വരികയാണ്. ശാസ്ത്രം എന്നാല്‍ പാശ്ചാത്യ വൈദ്യശാസ്ത്രം എന്ന നാലതിരുനുള്ളില്‍ ഒതുക്കാനാവുമോ .എന്നും സന്ദേഹമുണ്ട്. ഇതാണ് വാദമെങ്കില്‍ നമ്മുടെ ആയുര്‍വേദ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഒക്കെ ചോദ്യ ചിഹ്നങ്ങളാവില്ലെ?

ഒരാഴ്ച മുന്‍പ് തന്നെ പത്ര മാധ്യമങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും നഗരസഭ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് ധൂപ സന്ധ്യ. വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ അപ്പോഴൊന്നും ചൂണ്ടിക്കാണിക്കാതെ, വിമര്‍ശനങ്ങളുന്നയിക്കാതെ ധൂപ ചൂര്‍ണ്ണം 50000 വീടുകളിലുമെത്തിയ ശേഷം വാര്‍ത്ത നല്‍കിയതില്‍ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല.

ഇനി ഹോമിയോയും ആക്രമിക്കപ്പെട്ടു. ഈ മരുന്ന് മികച്ച ഇമ്യൂണിറ്റി ബൂസ്റ്റര്‍ തന്നെയാണ്.ഇത് അനുഭവ സാക്ഷ്യം.കഴിഞ്ഞ കോവിഡ് കാലത്ത് ഇരവുകാട് വാര്‍ഡില്‍ വ്യാപകമായി ഹോമിയോ പ്രതിരോധ മരുന്ന് നല്‍കിയിരുന്നു. വളരെ ഫലപ്രദമാണെന്നത് നേരറിവാണ്. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ നമുക്ക് ഉപയുക്തമാവുന്ന, പ്രയോഗത്തില്‍ വരുത്താന്‍ കഴിയുന്ന ആശയങ്ങളും പദ്ധതികളും നിര്‍ദ്ദേശിക്കുവാനും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളേയും വ്യക്തികളേയും സാദരം ക്ഷണിക്കുന്നു.

ഒരപേക്ഷ കൂടിയുണ്ട്. കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നു മെത്തിക്കാനും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് സേവനങ്ങളെത്തിക്കാനും ധാരാളം സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുള്ള സമയമാണ്. സമയവും സൗകര്യവുമുള്ളവര്‍ നഗരസഭയുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു.’

shortlink

Related Articles

Post Your Comments


Back to top button