മക്കൾക്കായി ജീവിതം മാറ്റിവെച്ച ഒട്ടേറെ അമ്മമാർ സമൂഹത്തിലുണ്ട്. പെട്ടെന്ന് ഒരു ദിവസം ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ പതറിപ്പോകാതെ പിടിച്ചുനിൽക്കുകയും മക്കൾക്ക് വേണ്ടി ജീവിക്കുകയും ചെയ്ത അമ്മമാർക്കിടയിൽ തികച്ചും വ്യത്യസ്തയാണ് ഈജിപ്‌ത്തിലെ സിസ അബു ദാവൂ എന്ന വിധവയായ അമ്മ. 43 വർഷത്തോളം അവർ ഒരു പുരുഷനായി ജീവിതം നയിച്ചു. അതിനാൽ മക്കളെയും പേരക്കുട്ടികളെയും വളർത്താൻ ആവശ്യമായ പണം സമ്പാദിക്കാൻ അവർക്ക് കഴിഞ്ഞു.
Also Read:സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ നിരക്ക്; പ്രത്യേക സിറ്റിംഗിലൂടെ കോടതി ഇന്ന് ഹർജി പരിഗണിക്കും
അത്ഭുതം തോന്നാം. പക്ഷേ, പരമ്പരാഗത ഈജിപ്ഷ്യൻ വിശ്വാസത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിനും സമ്പാദിക്കുന്നതിനും വളരെയധികം പരിധിയുണ്ടായിരുന്നു. ഇപ്പോൾ 70 വയസുള്ള സിസ അബു ദാവൂ ആദ്യ കുഞ്ഞിനെ ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഭർത്താവ് മരിക്കുന്നത്. ഈജിപ്തിലെ ലക്സോർ നഗരത്തിലെ വളരെ യാഥാസ്ഥിതിക സമൂഹത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. 21 വയസ്സുള്ള വിധവയായ അമ്മയെന്ന നിലയിൽ സിസയ്ക്ക് മറ്റൊരു മാർഗവും മുന്നിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, ഒരു വിവാഹത്തിനും അവർ തയ്യാറല്ലായിരുന്നു. ഒടുവിൽ, തല മുണ്ഡനം ചെയ്ത് പുരുഷനെ പോലെ വസ്ത്രം ധരിക്കാനും തൊഴിലന്വേഷിക്കാനും സിസ തീരുമാനിച്ചു.
ആദ്യം ഒരു ഇഷ്ടിക കളത്തിലാണ് ജോലി ലഭിച്ചത്. വർഷങ്ങളോളം ആ ഇഷ്ടിക കളമായിരുന്നു അവരുടെ തൊഴിലിടവും വരുമാനവും. പ്രായമായപ്പോൾ ഷൂ പോളിഷ് ചെയ്യുന്ന ജോലിയിലേക്ക് മാറി. സ്ത്രീകൾ അനുഭവിക്കുന്ന എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷനേടിയ സിസ, 2015ലാണ് സ്ത്രീയാണെന്ന് വെളിപ്പെടുത്തുന്നത്. ലോകം മുഴുവൻ വാർത്തയായെങ്കിലും ജീവിതകാലം മുഴുവൻ ഒരു പുരുഷനെന്ന നിലയിൽ തന്നെയായിരിക്കും ജീവിതവും വസ്ത്രധാരണവും എന്ന് സിസ പറയുന്നു.
മറ്റൊരു വിവാഹത്തിന് തയ്യാറാകാതെ ജീവിതം പുരുഷ വേഷത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തെ കുടുംബം എതിർത്തിട്ടും സിസ കുലുങ്ങിയില്ല. ‘ഒരു സ്ത്രീയ്ക്ക് തന്റെ സ്ത്രീത്വം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രയാസകരമാണ്. പക്ഷേ, ഞാൻ എന്റെ മകൾക്ക് വേണ്ടി എന്തും ചെയ്യും. പണം സമ്പാദിക്കാനുള്ള ഏക മാർഗമായിരുന്നു അത്. എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? എനിക്ക് വായിക്കാനോ എഴുതാനോ അറിയില്ല. എന്റെ കുടുംബം എന്നെ സ്കൂളിലേക്ക് അയച്ചിട്ടില്ല. അതുകൊണ്ട് ഇതായിരുന്നു ഏക മാർഗം’- സിസ പറയുന്നു.
മകളുടെ വിവാഹശേഷം, സ്ത്രീയായി ജീവിക്കാം എന്ന് കരുതിയെങ്കിലും പെട്ടെന്നാണ് മരുമകൻ അസുഖബാധിതനായത്. അതോടെ വീണ്ടും കുടുംബത്തിന്റെ ചുമതല ഒരു പുരുഷനായി അവർ ഏറ്റെടുത്തു. പക്ഷെ, ഒരാളോട് പോലും താൻ പുരുഷനാണ് എന്ന് സിസ പറഞ്ഞിട്ടില്ല. അവരുടെ വേഷവിധാനത്തിലൂടെ ആളുകൾ അങ്ങനെ കരുതുകയായിരുന്നു.
കടപ്പാട്: Flowers Online
Post Your Comments