വാഷിംഗ്ടൺ : അമേരിക്കന്‍ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൈബര്‍ ലോകത്ത് തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഫേസ്ബുക്കിലും , ട്വിറ്ററിലും വിലക്ക് നിലനില്‍ക്കുന്നതിനാൽ സ്വന്തമായി ബ്ലോഗ് ആരംഭിച്ചാണ് സോഷ്യൽ മീഡിയയിലേക്ക് ട്രംപ് തിരിച്ചെത്തിയത്. DonaldJTrump.com/desk എന്ന വെബ് പേജിലാണ്, മൈക്രോ ബ്ലോഗിംഗ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ട്രംപിന്‍റെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തിരിച്ചെത്തി ഒരു ദിവസത്തിന് ശേഷം ബ്ലോഗു താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്രബോർഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിന്തുണച്ചതോടെയാണ് ബ്ലോഗു താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. അമേരിക്കയിലെ ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഭാവിയിൽ അടക്കം ഉണ്ടാകുന്ന പ്രശ്‌നങ്ങളും നിയമലംഘനത്തിന്റെ തോതും കലാപം സൃഷ്ടിക്കാനുള്ള ശ്രമവും കണക്കിലെടുത്താണ് ഫേസ്ബുക്കിൽ നിന്നും ട്രംപിനെ പുറത്താക്കിയത്. ഇത് തുടരാമെന്ന് ബോർഡ് വ്യക്തമാക്കി. ഫേസ്ബുക്ക് അക്കൗണ്ടിന് പുറമെ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ‘ട്രംപിന്‍റെ ഡെസ്കില്‍ നിന്ന്’ (From the Desk of Donald J Trump) എന്ന പേരില്‍ ഈ പേജ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ഇതില്‍ ഒരു ട്വിറ്റര്‍ പോസ്റ്റ് പോലെ ആഡ് ചെയ്തിട്ടുണ്ട്. ഇത് ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലേക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. പക്ഷെ ഇതിന് പ്രതികരിക്കാനോ, റിപ്ലേ ചെയ്യാനോ ഓപ്ഷന്‍ ഇല്ല.
Post Your Comments