തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി വ്യാപിക്കുമ്പോൾ സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകതയും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ. റോക്കറ്റ് ക്രയോജനിക് എൻജിനായി ഉൽപാദിപ്പിക്കുന്ന ലിക്വിഡ് ഓക്സിജനാണ് ഐ.എസ്.ആർ.ഒ എത്തിച്ചത്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുൻ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഈ നിര്‍ദേശം സർക്കാരിനു മുന്നിൽ അവതരിപ്പിച്ചത്. ഇതേ തുടർന്ന് ചീഫ് സെക്രട്ടറി ഐ.എസ്.ആർ.ഒ ചെയർമാന് കത്തയച്ചു. ആഴ്ചയിൽ 12 ടൺ തരാമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. തുടർന്ന് 12 ടൺ ഓക്സിജൻ ബുധനാഴ്ച കേരളത്തിലെത്തി. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്സിജൻ എത്തിക്കുന്നത്. കേരളത്തിലെത്തിയാൽ സിലിണ്ടറുകളിലാക്കി ആശുപത്രികളിൽ വിതരണം ചെയ്യും.
ക്രയോജനിക് എൻജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്സിജന് മെഡിക്കൽ ഓക്സിജനേക്കാൾ ശുദ്ധി കൂടുതലാണ്. റോക്കറ്റ് ലോഞ്ചിങ് ഇല്ലാത്തതിനാൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്നാണ് പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്. ഐ.എസ്.ആർ.ഒ തമിഴ്നാടിനും ഈ പ്ലാന്റിൽനിന്ന് ഓക്സിജൻ കൊടുക്കുന്നുണ്ട്.
Post Your Comments