രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ അത്യന്തം ദയനീയമായ കാഴ്ചകളാണ് നമുക്ക് മുന്നിൽ ഉള്ളത്. ഉത്തരേന്ത്യയിൽനിന്നു നടുക്കുന്ന വാർത്തകൾ വന്നപ്പോഴും മലയാളികൾ സുരക്ഷിതരെന്ന് കരുതി കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കാൻ തയ്യാറായില്ല. ഇപ്പോൾ കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷ ഫലം അനുഭവിക്കേണ്ട അവസ്ഥയിലേക്ക് കേരളവും കടക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ അത് വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന നമ്മുടെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. നിരവധി മൃതദേഹങ്ങൾ ഒരുമിച്ച് സംസ്ക്കരിക്കേണ്ട അവസ്ഥയിലേക്ക് കേരളവും കടന്നിരിക്കുന്നു. തിരുവനന്തപുരത്ത് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനായി ബുക്ക് ചെയ്ത് മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ഇത് ഉത്തരേന്ത്യയല്ല, കേരളമാണ് എന്ന തലക്കെട്ടിൽ ഷൊർണൂരിലെ പുണ്യതീരത്ത് ഒരേ സമയം കത്തുന്ന 15 ചിതകളാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 4,12,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി.
Post Your Comments