KeralaLatest NewsNews

മകന്റെ വിവാദ ആയുർവേദ റിസോർട്ട് ഉദ്ഘാടനം ചെയ്ത് ഇപി; ചടങ്ങിൽ മമ്പറം ദിവാകരനും

സംസ്ഥാനം തിരഞ്ഞെടുപ്പു തിരക്കിൽ മുഴുകിയ, കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയിൽനിന്നുള്ള മുഴുവൻ അനുമതിയും റിസോർട്ട് ഉടമകൾ വാങ്ങിയെടുത്തു.

കണ്ണൂർ: വിവാദങ്ങൾ സിപിമ്മിനെ പിടിമുറുക്കുമ്പോഴും വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ് ഇടതുപക്ഷ സർക്കാർ. മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയാണ് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദം. കുന്നിടിച്ചുനിരത്തിയതിന്റെ പേരിൽ ഏറെനാൾ വിവാദത്തിലായ റിസോർട്ടാണു കഴിഞ്ഞ ദിവസം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിൽ കെ.സുധാകരൻ എംപിയുടെ എതിർപക്ഷത്തുനിൽക്കുന്ന കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനെയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുപ്പിച്ചു. 2016ൽ ധർമടത്തു പിണറായി വിജയന്റെ എതിർ സ്ഥാനാർഥിയായിരുന്ന മമ്പറം ദിവാകരനെ ഉദ്ഘാടനത്തിനു ക്ഷണിച്ചതിനു പിന്നിലും രാഷ്ട്രീയം കാണുന്നവരുണ്ട്.

Read Also: ആവേശകരമായ മത്സരത്തിൽ 1 റണ്ണിന് അകലെ ഡൽഹി വീണു; ബാംഗ്ലൂർ വീണ്ടും ഒന്നാമത്

എന്നാൽ മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോർട്ട് നിർമാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടർക്കു പരാതി നൽകുകയും ചെയ്തിരുന്നു. ആന്തൂർ നഗരസഭയുടെ കെട്ടിടനിർമാണ അനുമതിയുടെ അടിസ്ഥാനത്തിലാണു നിർമാണം തുടങ്ങിയതെന്നും, ഖനനം നടത്തുന്ന മണ്ണ് അവിടെത്തന്നെ നിരത്തുകയാണെന്നുമായിരുന്നു കലക്ടർക്കു ലഭിച്ച അന്വേഷണ റിപ്പോർട്ട്. തുടർപരാതികളുണ്ടായില്ല. ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ കൺവൻഷൻ സെന്ററിനു നിസ്സാര പിഴവുകൾ നിരത്തി അന്തിമാനുമതി നിഷേധിച്ച ആന്തൂർ നഗരസഭയാണു കുന്നിടിച്ചു നിർമിച്ച റിസോർട്ടിന് അനുമതി നൽകിയത്. സംസ്ഥാനം തിരഞ്ഞെടുപ്പു തിരക്കിൽ മുഴുകിയ, കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയിൽനിന്നുള്ള മുഴുവൻ അനുമതിയും റിസോർട്ട് ഉടമകൾ വാങ്ങിയെടുത്തു. മന്ത്രി കെ.കെ.ശൈലജയ്ക്കു കീഴിലുള്ള ആയുഷ് വകുപ്പിന്റെ ലൈസൻസ് മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ  മറ്റൊരു പ്രധാനി.

shortlink

Post Your Comments


Back to top button