ന്യൂഡല്‍ഹി: ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നൂറ് കണക്കിന് ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു എന്ന സങ്കടകരമായ വാര്‍ത്തയാണ് വിവിധ മാധ്യമങ്ങളിലൂടെ നാം കാണുന്നതും കേള്‍ക്കുന്നതും. ഡല്‍ഹിയില്‍ ശ്മശാനങ്ങളിലെ സ്ഥല ദൗര്‍ലഭ്യം കാരണം പാര്‍ക്കിംഗ് ഗ്രൗണ്ടുകളും മറ്റും ശ്മശാനമാക്കി മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ വരെ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരം ദയനീയ ചിത്രങ്ങള്‍ ഒരിക്കലും കാണാന്‍ ഇടയാകരുതെ എന്ന് നാമെല്ലാവരും പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ തന്നെ അത് വിറ്റ് കാശാക്കുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വിദേശ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത് ഇന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ ശവ സംസ്‌കാരം തന്നെയാണ്. ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന ഇന്നത്തെ ചുറ്റുപാടുകളില്‍ കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. ഹിന്ദു ആചാര പ്രകാരം മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന കാഴ്ച രാജ്യത്തിന് പുറത്ത് വലിയ വിപണിയാണ് തുറന്നിട്ടിരിക്കുന്നത്. ബ്രിട്ടീഷ്-അമേരിക്കന്‍ മീഡിയ കമ്പനിയായ ജെറ്റി ഇമേജസ് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് ദിനംപ്രതി പങ്കുവെക്കുന്നത്.
ജെറ്റി ഇമേജസില്‍ ഇത്തരം ചിത്രങ്ങള്‍ വില കൊടുത്ത് വാങ്ങാന്‍ സാധിക്കും. ഡല്‍ഹിയില്‍ ശ്മശാന ഭൂമി പശ്ചാത്തലമാക്കി സംസ്‌കാരത്തിനായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ജെറ്റി ഇമേജസ് വില്‍പ്പനയ്ക്ക് വെച്ചിരുന്നു. മൂന്ന് വ്യത്യസ്ത സൈസുകളില്‍ ചിത്രങ്ങള്‍ ലഭിക്കും. ചെറിയ സൈസാണെങ്കില്‍ 7,000, മീഡിയം സൈസിലുള്ളതിന് 14,000, ഏറ്റവും വലിയ സൈസുള്ള ചിത്രത്തിന് 23,000 രൂപ എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ശവസംസ്‌കാരത്തിന്റെ ചിത്രങ്ങളും ലഭ്യമാണ്.
ഉറ്റവരെ നഷ്ടപ്പെട്ട് വാവിട്ട് കരയുന്നവരുടെയും മൃതദേഹം ചുമക്കുന്നവരുടെയുമെല്ലാം ദൃശ്യങ്ങള്‍ ഇത്തരത്തില്‍ വില്‍പ്പന ചരക്കുകളായി വിദേശ മാധ്യമങ്ങളിലേയ്ക്ക് എത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്നുകൊണ്ട് സ്വന്തം നാട്ടുകാരുടെ മരണം വിറ്റു കാശാക്കുന്ന മാധ്യമ കഴുകന്മാരുടെ നാടായി ഇന്ത്യ മാറുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മാധ്യമ സ്ഥാപനങ്ങളുടെ ഭാഗമായ ഫോട്ടോഗ്രാഫര്‍മാരും സ്വതന്ത്രമായി ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരും ഒരുപോലെ ഈ മരണങ്ങളെ ആഘോഷമാക്കി പണം സമ്പാദിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഓരോ ഭാരതീയനും ഞെട്ടലോടെയാണെങ്കിലും അംഗീകരിച്ചേ മതിയാകൂ.
Post Your Comments