തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടാനുളള നമ്പരായ 112 ൽ ഇനി മുതൽ റെയിൽവെ പോലീസ് സേവനങ്ങളും ലഭ്യമാകും. പ്ലാറ്റ്‌ഫോമിലും ട്രെയിനിലും അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായത്തിനായി ഇനി 112 ൽ വിളിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.
രാജ്യവ്യാപക ഏകീകൃത നമ്പരായ 112 ൽ കേരളാ റെയിൽവേ പോലീസിന്റെ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം.
കേരളാ റെയിൽവെ പോലീസ് കമാന്റ് ആൻറ് കൺട്രോൾ സെന്റർ ആണ് റെയിൽവെ പോലീസിന്റെ നോഡൽ ഓഫീസ്. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇ.ആർ.എസ്.എസ് കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാ പ്രാവീണ്യവുമുള്ള പോലീസ് ഉദ്യോഗസ്ഥരാണ്.
സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാൻഡ് സെന്റർ മനസ്സിലാക്കുകയും തുടർ നടപടിക്കായി തമ്പാനൂരിലെ റെയിൽവെ പോലീസ് കമാന്റ് ആന്റ് കൺട്രോൾ സെന്ററിന് കൈമാറുകയുമാണ് ചെയ്യുന്നത്. ഇതുവഴി സംസ്ഥാനത്തെ ഏത് റെയിൽവെ സ്റ്റേഷനിലും ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ പോലീസ് സഹായം എത്തിക്കാൻ കഴിയും.
Read Also: ഹോം ക്വാറന്റെയ്‌നിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി
Post Your Comments