സോള്‍: സോളിലെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് ചോക്ലേറ്റുകളും തൊപ്പിയും മോഷ്ടിച്ച് എംബസി ഉദ്യോഗസ്ഥര്‍. അന്വേഷണത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ദക്ഷിണ കൊറിയയില്‍ നാണകെട്ട് പാകിസ്ഥാന്‍.
ദക്ഷിണ കൊറിയയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥര്‍ സോളിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ നിന്നുമാണ് ചോക്ലേറ്റുകളും തൊപ്പിയും മോഷ്ടിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരന്‍ പരാതി നല്‍കിയതോടെയാണ് മോഷ്ടാക്കള്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതെന്ന് ദി കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത ദിവസങ്ങളിലായാണ് രണ്ട് ഉദ്യോഗസ്ഥര്‍ മോഷണം നടത്തിയത്. ജനുവരി 10-ന് ഒരാള്‍ 1900 വോണ്‍ വിലയുള്ള (ഏകദേശം 127 രൂപ) ചോക്ലേറ്റുകളും ഫെബ്രുവരി 23-ന് മറ്റൊരാള്‍ 11,000 വോണ്‍ വിലയുള്ള (ഏകദേശം 739 രൂപ) തൊപ്പിയുമാണ് മോഷ്ടിച്ചത്. തൊപ്പി മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പൊലീസ് സംഘം സ്ഥാപനത്തിലെ സിസിടിവി വിശദമായി പരിശോധിച്ചതോടെയാണ് രണ്ട് മോഷണങ്ങള്‍ക്കും തുമ്പുണ്ടായത്. പിന്നീടുള്ള അന്വേഷണത്തില്‍ ഇരുവരും പാക് നയതന്ത്ര ഉദ്യോഗസ്ഥരാണെന്നും തിരിച്ചറിഞ്ഞു. അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ തൊപ്പി മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നയതന്ത്ര പരിരക്ഷയുണ്ടെങ്കിലും രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
Post Your Comments