കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന്റെ ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ആഹോരാത്രം പ്രവർത്തിക്കുകയാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകരും കേന്ദ്ര – സംസ്ഥാന സർക്കാരുകളും. കോവിഡ് വൈറസിനെ നേരിടാനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത്.
രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കിൽ എല്ലാവിധ അസുഖങ്ങളെയും നമുക്ക് തടയാൻ കഴിയും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ എന്തൊക്ക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തിയാൽ രോഗ പ്രതിരോധ ശേഷി വർധിക്കും. രോഗ പ്രതിരോധ ശേഷി വർധിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് നാം കഴിക്കുന്ന ആഹാരമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കണം. കാരറ്റ്, ബീറ്റ്‌റൂട്ട്, ഇലക്കറികൾ, പയറു വർഗങ്ങൾ, മീൻ, മുട്ട, പാൽ, നേന്ത്രപ്പഴം എന്നിങ്ങനെയുള്ള ഭക്ഷണ വസ്തുക്കൾ കഴിക്കാൻ ശ്രദ്ധിക്കുക.
പോഷക ഗുണങ്ങളടങ്ങിയ ആഹാരം കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളവും കുടിക്കണം. മഞ്ഞൾ, നെല്ലിക്ക, ഇഞ്ചി, തുളസി, നെല്ലിക്ക എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്താം. ഉറക്കവും രോഗപ്രതിരോധ ശേഷിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതിനാൽ ആഹാരം പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രായപൂർത്തിയായ ഒരു വ്യക്തി രാത്രിയിൽ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങിയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം.
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസും വേണം. അതിനായി മാനസിക സമ്മർദ്ദങ്ങൾ അകറ്റി നിർത്തണം. യോഗ, ധ്യാനം മറ്റ് ചെറിയ വ്യായാമങ്ങൾ എന്നിവ ശീലമാക്കുന്നത് നല്ലതാണ്. ജീവിത ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി രോഗ പ്രതിരോധ ശേഷി കൈവരിച്ച് നമുക്കോരോരുത്തർക്കും കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടാം.
Post Your Comments