തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പൊതുഅഭിപ്രായം. പകരം കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന പൊതു അഭിപ്രായം ഉയർന്നത്. ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് സാധ്യത. ലോക്ക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക.
ലോക്ക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ അടച്ചിടലിനോട് ഭരണപക്ഷവും യോജിച്ചിട്ടില്ലെന്നാണ് റിപ്പോർട്. നിയന്ത്രണങ്ങൾ ഏതു രീതിയിൽ വേണമെന്നത് ചർച്ചചെയ്യാനും പ്രതിരോധനടപടികൾ ഊർജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചത്.
ലോക്ക് ഡൗൺ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഉണ്ടെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇന്ന് ഏതുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതിനാൽ അടച്ചിടൽ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.
Post Your Comments