തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. പുതുതായി 21,890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. 232812 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 28 പേര് മരിച്ചു. അവധിയായതിനാല്‍ പരിശോധന കുറഞ്ഞെന്നും അതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാണ് സർവ്വകക്ഷി യോഗത്തിൽ പൊതുവായ ഉയർന്നുവന്ന അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. പള്ളികളിൽ പരമാവധി 50 പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ചെറിയ പള്ളികളാണെങ്കിൽ ആളുകളുടെ എണ്ണം കുറയ്ക്കണം. ജില്ലാ കളക്ടർമാർ മതമേലധ്യക്ഷൻമാരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനം പൂർണമായും ഒഴിവാക്കണം. രാത്രികാല കർഫ്യൂ നിലനിൽക്കുമ്പോൾ ഒത്തുകൂടലുകൾ പാടില്ല. വകഭേദം വന്ന വൈറസുകൾ കേരളത്തിന്റെ വിവിധയിടങ്ങളിൽ കണ്ടുവരുന്നുണ്ടെന്നും യുകെ വകഭേദം മലബാർ മേഖലയിലാണ് കൂടുതലായുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലാസുകൾ പൂർണമായും ഓൺലൈനായി നടത്തണം. കടകൾ രാത്രി 7.30 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ ഉള്ള സ്ഥലങ്ങളിൽ തന്നെ തുടരട്ടെയെന്നാണ് സർക്കാർ നിലപാടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments