തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പുതുക്കിയ ഡിസ്ചാർജ് മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു. 72 മണിക്കൂർ രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിൽ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്നും പുതിയ മാനദണ്ഡത്തിൽ പറയുന്നു.
Read Also: കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായം നൽകി ഗൂഗിൾ
കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരിയ ലക്ഷണം മാത്രമുള്ളവർ 17 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ഇതിനിടയിൽ ലക്ഷണങ്ങൾ കാണിച്ചാൽ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചികിത്സ തേടുകയും വേണം. നിരീക്ഷണത്തിൽ തുടരുന്ന കാലയളവിൽ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികൾ സ്വയം പരിശോധിക്കണം.
ഇടത്തരം രോഗതീവ്രതയുള്ള കോവിഡ് രോഗികളെ ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. രോഗാവസ്ഥ പരിഗണിച്ച് വീട്ടിലേക്കോ പ്രഥമതല, ദ്വിതീയതല ചികിത്സാ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റാം. ആരോഗ്യ പ്രവർത്തകർക്ക് ഇതുസംബന്ധിച്ച് തീരുമാനം എടുക്കാം.
ഗുരുതര രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഗുരുതര രോഗികൾ ലക്ഷണം തുടങ്ങി പതിനാലാം ദിവസം ആന്റിജൻ പരിശോധന നടത്തണം. തുടർന്ന് മൂന്നുദിവസം കൂടി നിരീക്ഷണത്തിൽ തുടർന്ന് കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് അനുവദിക്കും. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ തുടർന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും കോവിഡ് പരിശോധന നടത്തണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments