മുംബൈ: ജന്മദിനങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രിയപ്പെട്ടവരുമായി ആഘോഷിക്കുന്ന ഒരു ദിവസമാണിത്. എന്നാല്‍ സമീപകാലത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇത്തരം ആഘോഷ പരിപാടികള്‍ നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ടിയിരിക്കുന്നു. കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം രാജ്യത്തെ വരിഞ്ഞു മുറുക്കുമ്പോള്‍ ഓരോ ദിവസവും കേസുകളുടെ എണ്ണത്തിലും മരണത്തിലും റെക്കോര്‍ഡ് വര്‍ദ്ധനവിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ആഘോഷം വിവാഹ പരിപാടികള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അധികൃതരും ജനങ്ങളും ഒരുപോലെ ഇത്തരം പരിപാടികള്‍ നടത്തുന്നതിലെ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് മുംബൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമിത പാട്ടീല്‍ എന്ന യുവതി മാതൃകാപരമായ പ്രവൃത്തി ചെയ്ത് മുംബൈ പൊലീസില്‍ നിന്നും അഭിനന്ദനവും കേക്കും സ്വന്തമാക്കിയിരിക്കുകയാണ്. ഏപ്രില്‍ 22 ന് സമിതയുടെ ജന്മദിനമായിരുന്നു. ആശംസകള്‍ അറിയിച്ച സുഹൃത്തുക്കള്‍ യുവതിയോട് തങ്ങള്‍ക്ക് പാര്‍ട്ടി ഒരുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌നേഹത്തോടെ സുഹൃത്തുക്കളുടെ ആവശ്യം സമിത നിരസിക്കുകയായിരുന്നു. ‘ലോക്ഡൗണാണ് അതിനാല്‍ വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കൂ’ എന്നാണ് ഇവര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ മറുപടി. ഇതില്‍ മുംബൈ പോലീസിന് എന്താണ് പങ്കെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ സമിത തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Read More : അച്ഛനേയും അമ്മയേയും കൊറോണ കൊണ്ടുപോയി, സഹോദരിക്ക് രോഗം സ്ഥിരീകരിച്ചു; വിവരമറിഞ്ഞ് 28കാരന്‍ ആത്മഹത്യ ചെയ്തു
‘കോവിഡ് സമയത്ത് സുഹൃത്തുക്കളെ കാണാനിറങ്ങാതെ വീട്ടില്‍ തന്നെയിരുന്ന് ചങ്ങാത്തം പങ്കുവെയ്ക്കൂ’ എന്ന മുംബൈ പൊലീസിന്റെ ട്വീറ്റിന് താഴെ താന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് പിറന്നാള്‍ ദിവസം അയച്ച മറുപടി സമിത മറുപടിയായി നല്‍കി. ജന്മദിനാഘോഷ പരിപാടി നടത്താന്‍ ആവശ്യപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഞാന്‍ നല്‍കിയ വിലപ്പെട്ട മറുപടി ഇങ്ങനെയായിരുന്നുവെന്നാണ് സമിതയുടെ ട്വീറ്റ്.
ഇതുകണ്ട മുംബൈ പോലീസ് അവളുടെ വിലാസം ചോദിച്ച് മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഒരു സ്വകാര്യ സന്ദേശം അയച്ചു. സുഹൃത്തുക്കളോട് സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട യുവതിയുടെ തീരുമാനത്തെ അഭിനന്ദിച്ച പൊലീസ് അവള്‍ക്ക് ‘ഉത്തരവാദിത്തമുള്ള പൗരന്‍’ എന്ന് എഴുതിയ ജന്മദിന കേക്ക് അയക്കുകയാണുണ്ടായത്. സമിതയുടെ ട്വീറ്റിന് നിരവധിപേരാണ് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് രംഗത്തെത്തിയത്.
Post Your Comments