കായംകുളം : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകി കായംകുളം എംഎൽഎ യു.പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്.ജി.സുധാകരനെ ലക്ഷ്യംവെച്ചാണ് ഒളിയമ്പ് എന്ന കമന്റുകൾ നിറഞ്ഞതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് എംഎൽഎ മുക്കി. നിമിഷനേരംകൊണ്ട് നൂറുകണക്കിന് പേരാണ് എംഎൽഎയുടെ പോസ്റ്റിനു താഴെ രാഷ്ട്രീയ ആരോപണങ്ങളും സംശയങ്ങളും ഉയർത്തി..’പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഫേസ്ബുക്കിൽ യു പ്രതിഭ എംഎൽഎ രാത്രിയോടെ കുറിച്ചത്.
തൊട്ടുപിന്നാലെ ആരാണ് പൊട്ടൻ എന്നും ചട്ടനെന്നും കമന്റുകൾ നിറഞ്ഞു. ജി സുധാകരനെ ഉന്നം വെച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്നു കമന്റുകൾ വന്നു. കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ തന്നെ കാലുവാരി എന്ന സൂചനയാണ് പ്രതിഭ നൽകുന്നതെന്ന രാഷ്ട്രീയ ആരോപണമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. വിവാദ പ്രസ്താവനകളോടെ ഈ ദിവസങ്ങളിൽ പ്രതിസന്ധിയിൽ അകപ്പെട്ട മന്ത്രി ജി സുധാകരനെയാണ് ദൈവം ചതിച്ചതെന്നു പ്രതിഭ പറഞ്ഞതെന്ന് ഭൂരിഭാഗം കമന്റുകളും സമർത്ഥിച്ചു.
പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നിറഞ്ഞതോടെ അകൗണ്ടിൽ നിന്ന് പോസ്റ്റ് കാണാതായി.അൽപസമയത്തിനകം എംഎൽഎയുടെ ഫോട്ടോ സമാനമായ സ്ഥലത്ത് മാറ്റി പോസ്റ്റ് ചെയ്തു. സമൂഹ മാധ്യമത്തിലെ തുറന്നേഴുത്ത് പൊതു ചർച്ചയ്ക്ക് വിധേയമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നവിശദീകരണവുമായിവീണ്ടും പോസ്റ്റ് വന്നു. ദയവായി മറ്റു ചർച്ചകൾ ഒഴിവാക്കണമെന്നായിരുന്നു എംഎൽഎയുടെ അഭ്യർത്ഥന. തൊട്ടുപിന്നാലെ അതും അപ്രത്യക്ഷമായി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ എംഎൽഎ നടത്തിയ രാഷ്ട്രീയ വിമർശനം കാര്യഗൗരവത്തോടെയാണ് സിപിഎം നേതൃത്വം കാണുന്നത്. പ്രമുഖ നേതാക്കളിൽ ചിലർ ഫോണിൽ വിളിച്ച് ശകാരിച്ചതോടെയാണ് എംഎൽഎ പോസ്റ്റ് മുക്കിയതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
Post Your Comments