കൊച്ചി: 13 വയസുകാരിയുടെ 26 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചശേഷമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ബലാത്സംഗത്തിനിരായ പെണ്‍കുട്ടിയുടെ 14 വയസുകാരനായ സഹോദരനാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കോടതി നിര്‍ദ്ദേശമനുസരിച്ച് രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനുശേഷം 24 മണിക്കൂറിനകം ഗര്‍ഭം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം കോടതി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ജസ്റ്റിസ് ബെച്ചന്‍ കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. അപകട സാധ്യതയുണ്ടങ്കിലും ഗര്‍ഭഛിദ്രം നടത്താമെന്നാണ് പ്രത്യേക മെഡിക്കല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 20 ആഴ്ച്ച വരെയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിലവിലെ നിയമങ്ങള്‍ പ്രകാരം വ്യവസ്ഥയുള്ളത്. പെണ്‍കുട്ടിയുടെ പ്രായവും കുട്ടിയുടെ ഭാവിയും പരിഗണിച്ചുകൊണ്ടാണ് 26 ആഴ്ച്ചത്തെ ഭ്രൂണമാണെങ്കിലും നശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. പീഢനം മൂലമുള്ള മാനസികാഘാതം പെണ്‍കുട്ടിയെ മാത്രമല്ല കുട്ടിയുടെ വീട്ടുകാരെയും വേട്ടയാടുന്ന സ്ഥിതി സമൂഹതാല്‍പ്പര്യത്തിന് വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments