മഹാരാഷ്ട്ര: സിനിമയിൽ മാത്രമല്ല ജീവിതത്തിലും നമുക്ക് സൂപ്പർ ഹീറോസിനെ കാണാം. മുംബൈ വംഗാനി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാജ്യം കണ്ടതും അത്തരമൊരു സൂപ്പർ ഹീറോയെ ആണ്. ബാലൻസ് നഷ്ടപ്പെട്ടു പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിൽ വീണ കുട്ടിയെ സ്വന്തം ജീവൻ തന്നെ ഒരുപക്ഷേ അപകടത്തിൽ ആയേക്കാമെന്ന് ഉറപ്പുണ്ടായിട്ടും നിമിഷനേരം കൊണ്ട് ഓടിയെത്തി രക്ഷപെടുത്തിയ സ്റ്റേഷനിലെ പോയിന്റ്‌സ്മാന് മയൂർ ഷെൽക്കെ ആണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം. മയൂരിന് ആഭിനന്ദന പ്രവാഹമാണ്.
മയൂരിന് റെയിൽവേയുടെ ആദരം. റെയിൽവേ ഉദ്യോഗസ്ഥരും അധികൃതരും ജീവനക്കാരനെ അഭിനന്ദിക്കുന്നതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അന്ധയായ അമ്മ കുഞ്ഞിനൊപ്പം കൈ പിടിച്ചു പ്ളാറ്റ്ഫോമിലൂടെ നടന്ന് വരികയായിരുന്നു. കുട്ടി പെട്ടന്ന് ബാലൻസ് തെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ അമ്മ പ്ളാറ്റ്ഫോമിലിരുന്ന കുഞ്ഞിനെ കൈകൊണ്ട് തപ്പുന്നതും ഭയത്തോടെ ചുറ്റിനും തിരയുന്നതും വൈറലായ വീഡിയോയിൽ വ്യക്തമാണ്. എവിടെ നിന്നോ ഓടിയെത്തിയ പോയിന്റ്‌സ്മാന് ആണ് കുഞ്ഞിനെ അതിവിദഗ്ധമായി രക്ഷപെടുത്തിയത്.
അന്ധയായ അമ്മയ്ക്ക് നിസഹായതയോടെ അലറിവിളിക്കാൻ മാത്രമാണ് കഴിഞ്ഞത്. അപ്പോൾ സ്റ്റേഷനിലെ പോയിന്റ്‌സ്മാൻ മയൂർ എവിടെ നിന്നോ കുതിച്ചെത്തി ആ കുഞ്ഞിനെ ട്രാക്കിൽ നിന്നെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചാടി കയറുകയായിരുന്നു. ഒരു സെക്കന്റ് പിഴച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ വരെ അയാൾക്ക് നഷ്ടമായേനെ. അതുപോലും ചിന്തിക്കാതെ ഒരു മനുഷ്യജീവൻ രക്ഷപെടുത്താൻ മയൂർ കാണിച്ച സാഹസികതയെ മനുഷ്യത്വമെന്ന് വേണം വിളിക്കാൻ.
Also Read:തലസ്ഥാനത്ത് വാക്‌സിനേഷൻ മുടങ്ങി ; വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നു
‘അന്ധയായ അമ്മയ്ക്കൊപ്പം പ്ളാറ്റ്ഫോമിലൂടെ നടന്ന് നീങ്ങുന്ന മകൻ പെട്ടന്ന് ബാലൻസ് തെറ്റി വീഴുന്നത് കണ്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചിച്ചില്ല. അവർക്കും എനിക്കുമിടയിൽ അധികം ദൂരമുണ്ടായിരുന്നില്ല. 60 മീറ്റർ ദൂരത്തിലായിരുന്നു ഞാൻ നിന്നത്. ഓടിച്ചെന്ന് അവനെ എടുത്ത് പ്ളാറ്റ്ഫോമിലേക്ക് വെച്ചു. അപ്പോഴേക്കും ട്രെയിൻ എനിക്ക് തൊട്ടടുത്തെത്തിയിരുന്നു. ട്രെയിൻ കണ്ട് ഭയന്നെങ്കിലും ഒറ്റച്ചാട്ടത്തിന് പ്ളാറ്റ്ഫോമിലേക്ക് കയറി. അപ്പോഴും ഒരാളെ രക്ഷപെടുത്തി എന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. 15,20 മിനിറ്റ് നേരത്തേക്ക് എനിക്ക് ഒന്നും മനസിലായില്ല. എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.’- മയൂർ പറയുന്നു.
Post Your Comments