
അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന സിനിമകള്‍ക്കെതിരെ പിതാവ്. സുശാന്തിന്റെ ബയോപ്പിക്കുകള്‍ എന്ന പേരില്‍ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. ഇതിനെതിരെയാണ് പിതാവ് കെകെ സിങ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കെകെ സിങ്ങിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍മാതാക്കള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. മകന്റെ മരണം സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനാല്‍ ഇവയുടെ ചിത്രീകരണം നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകള്‍ ഉണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റേയും സല്‍പ്പേരിനെ ഇത് ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ബോളിവുഡില്‍ അടുത്ത കാലത്ത് ഏറ്റവും അധികം കോളിളക്കം ഉണ്ടാക്കിയ മരണമായിരുന്നു സുശാന്ത് സിങ് രജ്പുത്തിന്റേത്.
മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നാലെ സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ അദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതവും ചേരിതിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നും ആരോപണമുയര്‍ന്നു. സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്. ‘ന്യായ്: ദി ജസ്റ്റിസ്’, ‘സൂയിസൈഡ് ഓര് മര്‍ഡര്‍: എ സ്റ്റാര്‍ വോസ് ലോസ്റ്റ്’, ‘ശശാങ്ക്’ എന്നീ ചിത്രങ്ങള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്. സിനിമയെടുക്കാന്‍ ഈ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ ആരും തന്നെ തന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് കെകെ സിങ് വ്യക്തമാക്കുന്നു. ജൂണ്‍ 14 നാണ് സുശാന്ത് സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതുവരെ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ നാര്‍കോടിക്സ് ബ്യൂറോ കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുപ്പത്തിയഞ്ചു പേരാണ് കുറ്റപത്രത്തില്‍ ഉള്ളത്. സുശാന്ത് സിങ്ങിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി, സഹോദരന് ഷോവിക് ചക്രബര്‍ത്തി എന്നിവരടക്കം കുറ്റപത്രത്തില്‍ ഉണ്ട്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ലഹരിമരുന്ന് കേസില്‍ ആരോപണ വിധേയനായ അനുജ് കേശ്വാനി, രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍, നടന് അര്ജുന് രാംപാലിന്റെ കാമുകിയുടെ സഹോദരനായ അഗിസിലോസ് ദിമിത്രിയാദ്സ് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മറ്റു ചിലര്‍.
സുശാന്ത് സിങ് ന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ടതും ജയിലില്‍ കഴിയേണ്ടി വന്നതും കാമുകി റിയ ചക്രബര്‍ത്തിക്കായിരുന്നു. ലഹരിമരുന്ന് കേസില്‍ ഒരു മാസത്തോളം റിയ ചക്രബര്‍ത്തി ജയിലില്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് റിയയ്ക്ക് കേസില്‍ ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന് ഷോവിക്കിന് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ നാലിനാണ് ഷോവിക്കിനെ നാര്‍കോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരേയും എന്‍സിബി ചോദ്യം ചെയ്തിരുന്നു.
Post Your Comments