തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യമാണെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എസ്എസ്എൽസിക്ക് നാല് പരീക്ഷകളാണ് ഇനി നടത്താൻ ബാക്കിയുള്ളത്.
Read Also: കുതിച്ചുയർന്ന് സ്വർണ്ണവില; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്കുകൾ
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാർ നിശ്ചയമായും ട്രിപ്പിൾ ലെയർ മാസ്‌ക് ഉപയോഗിക്കണം. വിദ്യാർഥികളും കഴിയുന്നതും ട്രിപ്പിൾ ലെയർ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം. ഐ ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷമേ വിദ്യാർഥികളെ സ്‌കൂൾ കോമ്പൗണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ / സോപ്പ് ലഭ്യത ഉറപ്പാക്കുകയും വേണം.
കോവിഡ് പോസിറ്റീവായ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ, ക്വറന്റീനിലുള്ള വിദ്യാർഥികൾ, ശരിരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങൾ സ്‌കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കേണ്ട ചുമതല പ്രധാനാധ്യാപകർക്കാണ്. പരീക്ഷ കഴിഞ്ഞാലുടൻ ഹാൾ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments