
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 19,29,329 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്കിനേക്കാൾ രോഗവ്യാപന തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. പ്രതിദിന മരണനിരക്കും കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,619 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,78,769 ആയി ഉയർന്നു.
കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോഡ് വ്യാപനമാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. മദ്ധ്യപ്രദേശിൽ കർഫ്യൂ ഏപ്രിൽ 26 വരെ നീട്ടിയിരിക്കുന്നു. തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ നിലവിൽ വന്നു.
കേരളത്തിൽ ഇന്നലെ 18,257 പേർക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂർ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂർ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസർകോഡ് 622, വയനാട് 605 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കൊവിഡ് രൂക്ഷമാകുമ്പോഴും രാജ്യത്ത് മുഴുവൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായ നിയന്ത്രണമോ, സംസ്ഥാന തല ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യവസായ സംഘടനകളെയും അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും അവർ വ്യക്തമാക്കി.
Post Your Comments