തിരുവനന്തപുരം: നഗര പരിധിയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാൻ പുതിയ നടപടികൾ. നിയമ ലംഘനങ്ങൾ തടയാൻ 50 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കോർപ്പറേഷന്റെ രണ്ടു വാർഡുകൾക്ക് ഒരു സെക്ടറൽ മജിസ്ട്രേറ്റ് എന്ന കണക്കിലാണു നിയമിച്ചിട്ടുള്ളത്. ഇവർ ഓരോ മേഖലയിലും ശക്തമായ പരിശോധന നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.
കോർപ്പറേഷൻ പരിധിയിൽ മണക്കാട്, വട്ടിയൂർക്കാവ്, പേരൂർക്കട, കരമന, നേമം, കവടിയാർ മേഖലകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന കർശനമാക്കും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശങ്ങൾ കർശനമായി നടപ്പാക്കും. ഓരോ ഡിവിഷനിലെയും കൗൺസിലർമാർ, പൊതു സംഘടനകൾ എന്നിവരുടെ സേവനം സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിൽ പ്രയോജനപ്പെടുത്തും.
നഗര പരിധിയിലെ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തന രീതി വിലയിരുത്താൻ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. നിയമ ലംഘനങ്ങൾ തടയുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിലും സെക്ടറൽ മജിസ്ട്രേറ്റുമാർ ശ്രദ്ധവെക്കണമെന്നു യോഗത്തിൽ സബ് കളക്ടർ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ പൊതുജനങ്ങൾക്കും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ശ്രദ്ധയിൽപ്പെടുത്താം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും സബ് കളക്ടർ അഭ്യർഥിച്ചു.
Read Also: മിക്ക ജില്ലകളിലും ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ; കേരളം നീങ്ങുന്നത് കർശന നിയന്ത്രണത്തിലേയ്ക്ക്
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ജില്ലാ നോഡൽ ഓഫിസർ ബി. അനീഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നഗരത്തിലേതിനു പുറമേ ജില്ലയുടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments