![](/wp-content/uploads/2021/04/dr-214.jpg)
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ഒരു ദിവസം ഒരു പൊലീസുകാരന് ശരാശരി പത്ത് കേസുകളെങ്കിലും പിടികൂടണമെന്നാണ് മുകളില്‍നിന്നുള്ള നിര്‍ദേശം. സിറ്റിയിലെ മിക്ക സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ (എസ്.എച്ച്.ഒ) ഇതുസംബന്ധിച്ച് ‘വാക്കാല്‍ ഉത്തരവ്’ നല്കി. ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം മഫ്തി പൊലീസിന്റെ പരിശോധനയും സജീവമായി. ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയാണ് പ്രധാനമായും നടപടി.ബസുകളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകല്‍, കടകള്‍ നിശ്ചയിച്ച സമയത്ത് അടക്കാതിരിക്കല്‍, കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ലംഘിക്കല്‍, ആളുകള്‍ കൂട്ടംകൂടല്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. കോഴിക്കോട് ബീച്ചിലുള്‍പ്പെടെ ൈവകീട്ട് അഞ്ചിനുശേഷം എത്തുന്നവര്‍ക്ക് പിഴയിടുന്നുമുണ്ട്.
കോവിഡ് വ്യാപനം അതിരൂക്ഷമായ കോഴിക്കോട്ട്, കോവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ കുറയുന്നതില്‍ മേലുദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് കോവിഡ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ ജില്ല പൊലീസ് മേധാവികളുടെ വിഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. നേരത്തെ ദിവസേന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന 400വരെ കേസുകളാണുണ്ടായിരുന്നത്. ശരിയായ രീതിയില്‍ മാസ്ക്കിടാത്തവര്ക്കെതിരെ ഉള്‍പ്പെടെ നടപടി സ്വീകരിച്ചാല്‍ ഇത്തരം കേസുകളുടെ എണ്ണം മൂന്നിരട്ടി വരെയാകുമെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്.
Post Your Comments